NEWSROOM

മൊബൈല്‍ മാറ്റി വെച്ച് കേസരി ചാപ്റ്റര്‍ 2 കാണുക, ഇല്ലെങ്കില്‍ അത് സിനിമയെ അപമാനിക്കുന്നതിന് തുല്യമായിരിക്കുമെന്ന് അക്ഷയ് കുമാര്‍

എല്ലാ ഇന്ത്യക്കാരും കേസരി ചാപ്റ്റര്‍ 2 കാണണമെന്നും രാജ്യത്തിന്റെ ഭൂതകാലത്തെ കുറിച്ച് അറിയണമെന്നും അക്ഷയ് കുമാർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്




അക്ഷയ് കുമാര്‍ നിലവില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ കേസരി ചാപ്റ്റര്‍ 2ന്റെ പ്രമോഷനിലാണ്. ഏപ്രില്‍ 15ന് ചിത്രത്തിന്റെ പ്രീമിയര്‍ ഡല്‍ഹിയില്‍ വെച്ച് നടന്നിരുന്നു. അതില്‍ രാഷ്ട്രീയ നേതാക്കളും മറ്റ് പ്രമുഖരും പങ്കെടുത്തു. അതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അക്ഷയ് കുമാര്‍ പ്രേക്ഷകരോട് ഒരു അഭ്യര്‍ത്ഥനയും നടത്തി.

വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെ എല്ലാ ഇന്ത്യക്കാരും കേസരി ചാപ്റ്റര്‍ 2 കാണണമെന്നും രാജ്യത്തിന്റെ ഭൂതകാലത്തെ കുറിച്ച് അറിയണമെന്നും പറഞ്ഞു. 'ഈ സിനിമ കാണുമ്പോള്‍ നിങ്ങള്‍ ഫോണ്‍ പോകറ്റില്‍ തന്നെ വെക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്നിട്ട് നിങ്ങള്‍ എല്ലാ ഡയലോഗും കൃത്യമായി തന്നെ കേള്‍ക്കണം. നിങ്ങള്‍ സിനിമ കാണുന്നതിനിടയില്‍ ഇന്‍സ്റ്റഗ്രാം നോക്കുകയാണെങ്കില്‍ അത് സിനിമയെ അപമാനിക്കുന്നതിന് തുല്യമായിരിക്കും. അതുകൊണ്ട് നിങ്ങള്‍ ഫോണ്‍ മാറ്റിവെക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു', എന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകനായ സി ശങ്കരന്‍ നായരുടെ വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഏപ്രില്‍ 18നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

സി.ശങ്കരന്‍ നായരുടെ കൊച്ചുമക്കളായ രഘു പാലാട്ടും പുഷ്പ പാലാട്ടും ചേര്‍ന്ന് എഴുതിയ 'ദ ഷേക്ക് ദാറ്റ് ഷൂക്ക് ദ എംപയര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറല്‍ മൈക്കിള്‍ ഡയറിനെതിരെയും മാര്‍ഷല്‍ നിയമത്തിനെതിരെയുമുള്ള സി ശങ്കരന്‍ നായരുടെ കോടതിപോരാട്ടങ്ങളുടെ കഥയാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ മാധവന്‍, അനന്യ പാണ്ഡേ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. കരണ്‍ സിംഗ് ത്യാഗിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

SCROLL FOR NEXT