NEWSROOM

ആലപ്പുഴ വാഹനാപകടം: കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്ത് എഫ്ഐആർ

സിസിടിവി ദൃശ്യങ്ങൾ, മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസില്‍ മാറ്റം വരുമെന്നും പൊലീസ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്ത് എഫ്ഐആർ. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചു എന്നാണ് കേസ്. ആദ്യം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസില്‍ മാറ്റം വരുമെന്നും പൊലീസ് വ്യക്തമാക്കി.

കളർകോട് വാഹനാപകടത്തിൽ അഞ്ച് വിദ്യാർഥികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. വണ്ടാനം മെഡിക്കൽ കോളേജ് ഐസിയുവിൽ ആണ് ഗുരുതരസ്ഥാവയിൽ ഉള്ള മൂന്ന് പേരുമുള്ളത്. അപകടത്തിൽ കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് കാര്യമായി പരുക്കേറ്റിട്ടില്ല.



കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം നടന്നത്. ആലപ്പുഴയിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്ക് വണ്ടാനത്തു നിന്ന് വൈറ്റിലയിലേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച കാർ മഴയത്ത് തെന്നിമാറിയതാകാമെന്നാണ് ആർടിഒയുടെ നിഗമനം. കാറിൽ പതിനൊന്ന് പേർ ഇടുങ്ങിയിരുന്നത് അപകടത്തിൻ്റെ ആഘാതം കൂട്ടിയെന്നും ആർടിഒ വ്യക്തമാക്കി.

SCROLL FOR NEXT