മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിന്, പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ. ശ്രീധരന് താക്കീത്. തന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുൻപിലെ നിർമാണത്തിലുള്ള ഓടയുടെ ഗതി മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് മാറ്റിച്ചെന്നായിരുന്നു ആരോപണം.
ജില്ലാ കമ്മിറ്റിയുടേതാണ് പുതിയ നടപടി. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥയിലുള്ള കൊടുമണിലെ കെട്ടിടത്തിന് മുൻപിൽ പുതുതായി നിർമിക്കുന്ന ഓടയുടെ ഗതി മാറ്റിച്ചെന്നായിരുന്നു കോൺഗ്രസിൻ്റേയും, സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. ശ്രീധരൻ്റേയും ആരോപണം. ഇതേ തുടർന്ന് വലിയ വിവാദങ്ങൾ ഉണ്ടായി. എന്നാൽ, സ്ഥലം അളന്നപ്പോൾ ശ്രീധരന്റെയും കോൺഗ്രസിന്റെയും വാദം തെറ്റാണെന്ന് തെളിഞ്ഞു.
മന്ത്രിയുടെ ഭർത്താവ് പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്നും, കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ് നിർമാണത്തിൽ ചട്ടലംഘനം ഉണ്ടെന്നുമാണ് നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ. തുടർന്ന് കോൺഗ്രസിന് നോട്ടീസ് നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം. മന്ത്രി ഭർത്താവിനെതിരെ ആരോപണമുന്നയിച്ച കാലയളവിൽ തന്നെ കെ.കെ. ശ്രീധരനെതിരെ ശക്തമായ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറി ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നെങ്കിലും, എന്നാൽ സംസ്ഥാന കമ്മിറ്റി ഇതിന് വഴങ്ങിയിരുന്നില്ല.