NEWSROOM

കൈക്കൂലി ആരോപണം;ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ അന്വേഷണം

ആരോഗ്യ മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണമാരംഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

കൈക്കൂലി ആരോപണത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ആരോഗ്യ മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം.

തൃക്കുന്നപ്പുഴ സ്വദേശി ബീനയുടെ പരാതിയിലാണ് അന്വേഷണം. കൈക്കൂലി നൽകാത്തതിനെ തുടർന്ന് തൃക്കുന്നപ്പുഴ സ്വദേശി അനിമോന് ചികിത്സ നിഷേധിച്ചു എന്നായിരുന്നു പരാതി. ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് കൈക്കൂലി ആവശ്യപ്പെട്ടുവെന്നും എന്നാൽ അത് നൽകാത്തതിനാൽ തുടർ ചികിത്സ നൽകിയില്ലെന്നും അനിമോന്റെ ഭാര്യയായ ബീന പറഞ്ഞു. അനസ്തേഷ്യ ചെയ്യുന്നതിനുള്ള രേഖകളിൽ ഒപ്പ് വെച്ചിട്ടും പണം നൽകാത്ത വിരോധത്തിൽ തൻറെ കാല് മരവിപ്പിക്കാതെയാണ് സർജറി നടത്തിയതെന്നാണ് അനിമോൻറെ ആരോപണം.

ചികിത്സ നിഷേധം, അനസ്തേഷ്യ നൽകാതെയുള്ള ശസ്ത്രക്രിയ എന്നിവ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണസംഘം ആശുപത്രിയിലെത്തി സൂപ്രണ്ടിന്റെ മൊഴി രേഖപ്പെടുത്തും. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സൂപ്രണ്ടിനെതിരെ കൂടുതൽ പരാതികൾ ഉയരുന്നുണ്ട്.

SCROLL FOR NEXT