പാർപ്പിട പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ മുൻ ഇൻ്റർ-സർവീസ് ഇൻ്റലിജൻസ് (ഐഎസ്ഐ) മേധാവി റിട്ടയേർഡ് ലഫ്റ്റനൻ്റ് ജനറൽ ഫായിസ് ഹമീദിനെ അറസ്റ്റ് ചെയ്ത് പാക് സൈന്യം. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് മുൻ ഇൻ്റലിജൻസ് മേധാവിക്കെതിരെ കോർട്ട് മാർഷൽ നടപടികൾ ആരംഭിക്കുന്നതെന്ന് പാകിസ്ഥാനി മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.
റിട്ടയേർഡ് ലഫ്റ്റനൻ്റ് ജനറൽ ഫൈസ് ഹമീദിനെതിരൊയ ടോപ്പ് സിറ്റി കേസിലെ പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിന് പിന്നാലെയെത്തിയ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പാകിസ്ഥാൻ സൈന്യം വിശദമായ അന്വേഷണം നടത്തിയിരുന്നു. കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചതായും ഫായിസ് ഹമീദിനെ സൈനിക കസ്റ്റഡിയിൽ എടുത്തതായും ഇൻ്റർ സർവീസ് പബ്ലിക്ക് റിലേഷൻസ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.
ജനറൽ ഹെഡ്ക്വാർട്ടേഴ്സ് ഉന്നത സൈനിക പദവികളിലേക്കുള്ള പരിഗണനയ്ക്കായി 2022-ൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കൈമാറിയ ആറ് മുതിർന്ന ജനറൽമാരിൽ ഒരാളായിരുന്നു ഹമീദ്. എന്നാൽ അദ്ദേഹം നേരത്തെ വിരമിക്കാൻ തീരുമാനിക്കുകയും രാജിക്കത്ത് ഹൈക്കമാൻഡിന് സമർപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
ഹമീദിനെതിരായ ആരോപണങ്ങൾ അതീവഗുരുതരമാണെന്നും ഫെഡറൽ ഗവൺമെൻ്റ്, സായുധ സേന, ഐഎസ്ഐ, പാകിസ്ഥാൻ റേഞ്ചർമാർ,എന്നിവരുടെ സൽപ്പേര് തകർക്കുമെന്നും കഴിഞ്ഞ വർഷം നവംബർ 14-ന് പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞിരുന്നു. സ്വകാര്യ ഭവന പദ്ധതിയായ ടോപ്പ് സിറ്റിയുടെ മാനേജ്‌മെൻ്റ്, മുൻ ഇൻ്റലിജൻസ് മേധാവിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഹമീദിനെതിരെ അന്വേഷണം ആരംഭിക്കുന്നത്.
ടോപ്പ് സിറ്റിയുടെ ഓഫീസിലും ഉടമ മോയിസ് ഖാൻ്റെ വസതിയിൽ പാകിസ്ഥാൻ റേഞ്ചേഴ്സും ഐഎസ്ഐ ഉദ്യോഗസ്ഥരും ചേർന്ന് റെയ്ഡ് നടത്തി സ്വർണ്ണം, വജ്രാഭരണങ്ങൾ, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ പിടിച്ചെടുത്തതായാണ് പരാതിയിൽ പറയുന്നത്. ഹൗസിംഗ് സൊസൈറ്റി അനധികൃതമായി ഏറ്റെടുത്തതിൽ മുൻ ഐഎസ്ഐ ഉദ്യോഗസ്ഥരായ ഇർതാസ ഹാറൂൺ, സർദാർ നജാഫ്, വസീം താബിഷ്, സാഹിദ് മെഹ്മൂദ് മാലിക്, മുഹമ്മദ് മുനീർ എന്നിവർക്ക് പങ്കുണ്ടെന്നും ആരോപണമുണ്ട്. പിന്നാലെ അധികാര ദുർവിനിയോഗം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സൈന്യം ഒരു അന്വേഷണ സമിതിയെ ഏർപ്പെടുത്തുകയായിരുന്നു.