ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം ഹാക്ക് ചെയ്തെന്ന ആരോപണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റിന്‍റെ കുറ്റപത്രം. നവംബർ അഞ്ചിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ഡാറ്റകള്‍ ചോർത്തുന്നുവെന്നതാണ് പ്രധാന ആരോപണം.
Also Read: "മോശം കഥകൾ പ്രചരിപ്പിക്കുന്നു"; യുഎസ് പ്രസിഡന്‍റായാല്‍ ഗൂഗിളിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ ട്രംപ്
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിദേശ ശക്തികളുടെ ഇടപെടൽ തടയാൻ ബൈഡൻ ഭരണകൂടം ഫലപ്രദമായി ഇടപെടുന്നുവെന്നത് ഉയർത്തിക്കാണിക്കാനുള്ള ശ്രമമാണിതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനെ കൂടാതെ ചൈന, റഷ്യ എന്നീ രാജ്യങ്ങളും യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നിരന്തരമായി ശ്രമിക്കുന്നുവെന്ന് അറ്റോർണി ജനറൽ മെറിക്ക് ഗാർലന്‍ഡ് ആരോപിച്ചു. മസൂദ് ജലീലി, സെയ്ദ് അലി അഘാമിരി, യാസർ ബലാഗി എന്നീ മൂന്ന് പേർ ട്രംപിൻ്റെ പ്രചാരണത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചതായാണ് അറ്റോർണി ജനറൽ വ്യക്തമാക്കുന്നത്.
കുറ്റാരോപിതരായ മൂന്ന് ഇറാനികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം നൽകുമെന്ന് യുഎസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ പ്രതികരിച്ചു. ട്രംപിൻ്റെ അഭിഭാഷകരിലൊരാൾ, മുൻ സിഐഎ ഉദ്യോഗസ്ഥർ, മുൻ യുഎസ് അംബാസഡർ എന്നിങ്ങനെ നിരവധി ഉദ്യോഗസ്ഥരെ ഇറാന്‍ ഹാക്കിങ്ങിനായി ലക്ഷ്യം വെച്ചിരുന്നുവെന്നാണ് കുറ്റപത്രം. ഇതിനു മുമ്പ് റിപ്പോർട്ട് ചെയ്തതിനേക്കാള്‍ വലിയ ഹാക്കിങ് ശ്രമമാണ് നടന്നതെന്ന് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
കുറ്റവാളികളായി കണക്കാക്കുന്ന മൂന്ന് പേരും വ്യാജ ഇ-മെയിലുകളിലൂടെ പ്രചരണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇടപാട് നടത്തുന്നുണ്ടെന്നും, ഇതിലൂടെ ഇ-മെയിലുകളും ഔദ്യോഗിക രേഖകളും ഹാക്കർമാർക്ക് ലഭിക്കുന്ന സാഹചര്യം ഒരുക്കുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഡിബേറ്റ് മെറ്റീരീയലുകൾ, വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ളവരെപ്പറ്റിയുള്ള വിവരങ്ങള്‍ എന്നിവയും ചോർത്താൻ ശ്രമിച്ചെന്ന് കുറ്റപത്രത്തിലുണ്ട്.
Also Read: ഫലം കാണാതെ തിരക്കിട്ട ചർച്ചകൾ; അശാന്തമാകുന്ന പശ്ചിമേഷ്യ; തുടർ ആക്രമണങ്ങൾക്ക് കാരണം അമേരിക്കൻ നയതന്ത്ര പരാജയമോ?
2020 ജനുവരിയിൽ ഇറാനിലെ ഏറ്റവും ശക്തനായ സൈനിക മേധാവി ഖാസിം സുലൈമാനിയെ ബാഗ്ദാദിൽ ഒരു ഡ്രോൺ ആക്രമണത്തിലൂടെ യുഎസ് സൈന്യം വധിച്ചിരുന്നു. ട്രംപ് ആയിരുന്നു ആ ഓപ്പറേഷന് അനുമതി നല്‍കിയത്. സുലൈമാനി ഓപ്പറേഷനോട് പ്രതികരിക്കുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തത് മുതല്‍ ട്രംപിനെതിരെ ആക്രമണ സാധ്യത നിലനിന്നിരുന്നു. ട്രംപിനെയോ അദ്ദേഹത്തിൻ്റെ മുൻ ഭരണകൂടത്തിലെ അംഗങ്ങളെയോ കൊല്ലാൻ ഇറാനികൾ ശ്രമിച്ചേക്കുമെന്നാണ് യുഎസ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പ്രതികരിക്കുമെന്ന് പറയുമ്പോഴും ഇത്തരം ആരോപണങ്ങളോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല.