NEWSROOM

ആരോപണങ്ങള്‍ മുട്ടിൽ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായതിനാല്‍; പീഡനാരോപണം നിഷേധിച്ച് ഡിവൈഎസ്‍പി ബെന്നി

വെളിപ്പെടുത്തലുകള്‍ക്കെതിരെ നിയമ നടപടികളിലേക്ക് പോകുമെന്നും ഡിവൈഎസ്‍പി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

മലപ്പുറം പൊന്നാനി സ്വദേശിനിയുടെ പീഡനാരോപണം നിഷേധിച്ച് ഡിവൈഎസ്‍പി പി. ബെന്നി.  മുട്ടിൽ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണെന്നും ആ കാരണം കൊണ്ടാണ് ഇപ്പോ ഈ വാർത്ത ഇങ്ങനെ വന്നിരിക്കുന്നതെന്നും ബെന്നി പറഞ്ഞു.

ഒരു ചാനൽ പല വഴികളിലൂടെ നിരന്തരം വാർത്തകൾ സൃഷ്ടിക്കുന്നുണ്ട്. നേരത്തെ മുതലേ ഈ ചാനൽ എന്‍റെ പിന്നാലെ നടന്നിട്ടുണ്ട്. എന്നാല്‍, 2022ൽ തന്നെ പൊന്നാനി സിഐ വിനോദിന് എതിരെയുള്ള പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. വെളിപ്പെടുത്തലുകള്‍ക്കെതിരെ നിയമ നടപടികളിലേക്ക് പോകുമെന്നും ഡിവൈഎസ്‍പി പറഞ്ഞു.

കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് പിന്നാലെയായിരുന്നു പീഡനമെന്നാണ് പരാതിക്കാരി പറയുന്നത്. എസ്‌പി സുജിത് ദാസ്, ഡിവൈഎസ്‌പി ബെന്നി, സിഐ വിനോദ് എന്നിവർ പീഡിപ്പിച്ചെന്നാണ് ആരോപണം. എന്നാല്‍, ഡിവൈഎസ്‍പിക്ക് പിന്നാലെ സിഐ വിനോദും വീട്ടമ്മയുടെ പീഡന പരാതി നിഷേധിച്ച് രംഗത്തെത്തി.

സിഐ വിനോദ് പറയുന്നത് പ്രകാരം, ഓട്ടോ റിക്ഷക്കാരന്‍ മോശമായി പെരുമാറിയെന്ന പരാതിയുമായാണ് സ്ത്രീ സമീപിച്ചത്. ഇവർ പലര്‍ക്കെതിരെയും വ്യാജ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞു. കേസെടുത്ത ശേഷം പുറത്ത് വെച്ച് ഒത്തുതീര്‍പ്പാക്കുന്ന രീതിയുണ്ടെന്ന വിവരവും ലഭിച്ചു. ഓട്ടോറിക്ഷക്കാരനെതിരെ എഫ്ഐആര്‍ ഇട്ടതും സ്ത്രീ കേസെടുത്തതിന് ദേഷ്യപ്പെട്ടുവെന്നും വിനോദ് പറഞ്ഞു. തുടർന്നാണ് എസ്.പി. സുജിത്ത് ദാസിനെ സ്ത്രീ ചെന്ന് കാണുന്നത്.  എന്നാല്‍ പരാതി വ്യാജാരോപണമാണെന്ന് കണ്ടെത്തി കേസ് ക്ലോസ് ചെയ്യുകയായിരുന്നുവെന്ന് വിനോദ് കൂട്ടിച്ചേർത്തു.

അതേസമയം, സ്ത്രീയുടെ പരാതിയില്‍ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് പുറത്തുവന്നു. പരാതിക്കാരിയുടെ മൊഴിപ്പകർപ്പില്‍ പൊന്നാനി സിഐക്കെതിരെ മാത്രമാണ് മൊഴിയുള്ളത്. മൊഴിയിൽ എസ്‌പി യുടെയും ഡിവൈഎസ്‌പിയുടെയും പേര് പരാമർശിക്കുന്നില്ല. യുവതി പണം തട്ടാൻ വേണ്ടി നിരന്തരം പരാതികൾ നൽകുന്ന വ്യക്തിയെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. പരാതിക്കാരിയുടെ ആരോപണങ്ങളെ നിഷേധിച്ചു കൊണ്ടുള്ള അയൽവാസികളുടെ മൊഴിയും റിപ്പോർട്ടിലുണ്ട്.

SCROLL FOR NEXT