ബാബാ റാം ദേവ് 
NEWSROOM

'അലോപ്പതി കോവിഡ് മരണത്തിലേക്ക് നയിച്ചു'; പരാമർശം പിൻവലിക്കണമെന്ന് ബാബാ റാം ദേവിനോട് ഡൽഹി ഹൈക്കോടതി

പതഞ്ജലിയുടെ കൊറോണിൽ എന്ന ഉത്പന്നത്തിൻ്റെ പ്രചരണത്തിലായിരുന്നു ബാബാ റാംദേവിൻ്റെ പരാമർശം

Author : ന്യൂസ് ഡെസ്ക്

അലോപ്പതി ചികിത്സാരീതിക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ബാബാ റാം ദേവിനോട് ഡൽഹി ഹൈക്കോടതി. കോവിഡ് കാലത്ത് ലക്ഷക്കണക്കിനു പേര്‍ മരിക്കാന്‍ കാരണം അലോപ്പതിയാണെന്നായിരുന്നു റാം ദേവിൻ്റെ പരാമർശം. സമൂഹ മാധ്യമങ്ങളില്‍ നിന്ന് മൂന്ന് ദിവസത്തിനകം ആരോപണം നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.


കോവിഡിനുള്ള 'രോഗശാന്തി'ക്കായി പതഞ്ജലിയുടെ കൊറോണിൽ എന്ന ഉത്പന്നം അവതരിപ്പിച്ചു കൊണ്ടായിരുന്നു ബാബാ റാം ദേവിൻ്റെ പരാമർശം. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് ബാബാ റാം ദേവിനേയും സഹായി ആചാര്യ ബാലകൃഷ്ണയേയും വിലക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

മൂന്ന് ദിവസത്തിനുള്ളിൽ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നീക്കം ചെയ്യാൻ കമ്പനികളോട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് അനുപം ജയ്റാമിൻ്റെ ഉത്തവിൽ പറയുന്നു.

പതഞ്ജലിക്കും അതിൻ്റെ പ്രമോട്ടർമാർക്കും എതിരെ നൽകിയ മാനനഷ്ടക്കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എയിംസ് ഋഷികേശ്, പട്‌ന, ഭുവനേശ്വർ എന്നിവിടങ്ങളിലെ റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ചണ്ഡീഗഡ്, യൂണിയൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് ഓഫ് പഞ്ചാബ് (യുആർഡിപി) റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ, മീററ്റിലെ ലാലാ ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളജ്, ഹൈദരാബാദിലെ തെലങ്കാന ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷൻ എന്നിവരാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

കോവിഡ് ബാധിച്ച് ലക്ഷക്കണക്കിനു പേർ മരിക്കാൻ കാരണം അലോപ്പതിയാണെന്നും ആയിരക്കണക്കിന് രോഗികളുടെ മരണത്തിന് അലോപ്പതി ഡോക്ടർമാർ ഉത്തരവാദികളാണെന്നുമായിരുന്നു ബാബാ റാം ദേവിൻ്റേയും അനുയായികളുടേയും പരാമർശം. അലോപ്പതി ഡോക്ടർമാർ രോഗികളിൽ നിന്ന് ലാഭം കൊയ്യുകയും വിഷത്തിൻ്റെ ഫലമുള്ള മരുന്നുകൾ നിർദേശിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചിരുന്നു.

ഇത്തരം പരാമർശങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ അലോപ്പതി ചികിത്സാരീതിയെ കുറിച്ചും കോവിഡ് വാക്സിനെ കുറിച്ചും ഭീതിയുണ്ടാക്കുകയാണെന്ന് ഡോക്ടർമാർ ആരോപിക്കുന്നു. കോവിഡിനെതിരെയുള്ള മരുന്ന് എന്ന പേരിൽ സ്വന്തം ഉത്പന്നമായ കൊറോണിലിനെ പരസ്യം ചെയ്യുന്നതിനിടയിലാണ് അലോപ്പതി ചികിത്സാ രീതിക്കും ഡോക്ടർമാർക്കുമെതിരെയുള്ള റാം ദേവിൻ്റെ തെറ്റിദ്ധാരണ പരത്തുന്ന പരാമർശമെന്നും മാനനഷ്ട കേസിൽ ചൂണ്ടിക്കാട്ടുന്നു.



SCROLL FOR NEXT