NEWSROOM

അല്ലു അര്‍ജുനെതിരെ ചുമത്തിയത് നരഹത്യാ കുറ്റം; ജാമ്യാപേക്ഷ വൈകിട്ട് പരിഗണിക്കും

ഇന്ന് വൈകിട്ട് നാല് മണിക്ക് താരത്തിന്റെ ജാമ്യാപേക്ഷ തെലങ്കാന ഹൈക്കോടതി പരിഗണിക്കും

Author : ന്യൂസ് ഡെസ്ക്

പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ തെലുങ്ക് താരം അല്ലു അര്‍ജുന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വസതിയില്‍ എത്തി പൊലീസ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്.

താരത്തിന്റെ അറസ്റ്റ് ഹൈദരാബാദ് പൊലീസ് രേഖപ്പെടുത്തിയതായി അഭിഭാഷകന്‍ സ്ഥിരീകരിച്ചു. പൊലീസ് അറസ്റ്റ് മെമ്മോ നല്‍കിയെന്നും അഭിഭാഷകന്‍ തെലങ്കാന ഹൈക്കോടതിയെ അറിയിച്ചു. നടന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം പരിഗണനയിലിരിക്കേ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.


ഇന്ന് വൈകിട്ട് നാല് മണിക്ക് താരത്തിന്റെ ജാമ്യാപേക്ഷ തെലങ്കാന ഹൈക്കോടതി പരിഗണിക്കും. നാല് മണിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്തിന് ജാമ്യം നല്‍കണമെന്ന് അറിയിക്കാന്‍ അല്ലു അര്‍ജുന്റെ അഭിഭാഷകനും കോടതി നിര്‍ദേശം നല്‍കി.

കൊലക്കുറ്റത്തിന് തുല്യമല്ലാത്ത നരഹത്യ കുറ്റമാണ് അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. വീട്ടമ്മയുടെ മരണത്തില്‍ നേരത്തേ, സന്ധ്യ തിയേറ്റര്‍ ഉടമയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പുഷ്പ 2 പ്രീമിയര്‍ ഷോ കാണാനെത്തി തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററില്‍ രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.

മുന്നറിയിപ്പൊന്നുമില്ലാതെ നടന്‍ അല്ലു അര്‍ജുന്‍ തീയേറ്ററില്‍ സിനിമ കാണാനെത്തിയതിനെ തുടര്‍ന്ന് ഉണ്ടായ തിരക്കിനിടയിലാണ് ദാരുണ സംഭവം ഉണ്ടായതെന്ന് ഹൈദരാബാദ് പൊലീസ് പറയുന്നു. തീയേറ്ററില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കാതെയാണ് അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തിയതെന്നാണ് ആരോപണം.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് താരത്തെ അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT