NEWSROOM

വ്യക്തിഹത്യ നടത്തുന്നു, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; പുഷ്പ 2 വിവാദത്തില്‍ വികാരഭരിതനായി അല്ലു അര്‍ജുന്‍

''എനിക്കും ആ പ്രായത്തില്‍ ഒരു കുട്ടിയുണ്ട്. ആ വേദന എനിക്ക് മനസിലാകില്ലേ?''

Author : ന്യൂസ് ഡെസ്ക്

പുഷ്പ 2 വിന്റെ റിലീസ് ദിവസം സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിന് പിന്നാലെ ഉയരുന്ന ആരോപണങ്ങളില്‍ വികാര ഭരിതനായി നടന്‍ അല്ലു അര്‍ജുന്‍. തന്നെ വ്യക്തിഹത്യ നടത്തുകയാണെന്ന് അല്ലു അര്‍ജുന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും എഐഎംഐഎം എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിയുമടക്കമുള്ളവര്‍ അല്ലു അര്‍ജുനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ പ്രതികരണം.

'ഒരുപാട് തെറ്റായ കാര്യങ്ങളാണ് ചുറ്റിലും പറഞ്ഞു നടക്കുന്നത്. ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നില്ല. ഒരു വകുപ്പിനെയോ രാഷ്ട്രീയ നേതാവിനെയോ കുറ്റപ്പെടുത്തുന്നില്ല. അത് അപമാനിക്കുന്നതിന് തുല്യമാണ്. എന്നെ വ്യക്തിഹത്യ നടത്തുകയാണ്. എന്നെ നിങ്ങള്‍ ജഡ്ജ് ചെയ്യരുത്,' അല്ലു അര്‍ജുന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


തനിക്കും ആ പ്രായത്തില്‍ ഒരു കുട്ടിയുണ്ട്. ആ വേദന എനിക്ക് മനസിലാകില്ലേ? ആരെയും കുറ്റപ്പെടുത്താനാവില്ല. അതൊരു അപകടമാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

ഡിസംബര്‍ നാലിനായിരുന്നു പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുമുണ്ടായ അപകടത്തില്‍ യുവതി മരിച്ചത്. തിയേറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതാണ് തിക്കും തിരക്കുമുണ്ടാവാന്‍ കാരണമായത്. പിന്നാലെയുണ്ടായ ഉന്തും തള്ളിലുമാണ് 35 കാരിയായ യുവതി മരിച്ചത്. ഇവരുടെ മകന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

യുവതി മരിച്ച സംഭവം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയേറ്റര്‍ വിടാതെ സിനിമ മുഴുവന്‍ കണ്ടിട്ടാണ് പുറത്തിറങ്ങിയതെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞത്. യുവതി മരിച്ച സംഭവം അറിഞ്ഞപ്പോള്‍, ഇനി സിനിമ എന്തായാലും ഹിറ്റടിക്കും എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞതായി എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിയും പറഞ്ഞു.

SCROLL FOR NEXT