NEWSROOM

ഒടുവിൽ അല്ലു എത്തി; ചികിത്സയിൽ കഴിയുന്ന കുട്ടിയെയും കുടുംബത്തെയും സന്ദർശിച്ചു

ഹൈദരാബാദിലെ കിംസ് ആശുപത്രിയിലെത്തിയാണ് ഗുരുതരമായി പരുക്കേറ്റ ശ്രീ തേജയെ അല്ലു അർജുൻ സന്ദർശിച്ചത്

Author : ന്യൂസ് ഡെസ്ക്

'പുഷ്പ 2' പ്രീമിയർ ഷോ തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലെത്തിയാണ് ഗുരുതരമായി പരുക്കേറ്റ ശ്രീ തേജിനെ അല്ലു അർജുൻ സന്ദർശിച്ചത്. കുട്ടിയുടെ കുടുംബവും ചികിത്സിക്കുന്ന ഡോക്ടർമാരുമായി അല്ലു അർജുൻ സംസാരിച്ചു. നടൻ ആശുപത്രിയിലെത്തിയതിൻ്റെ നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

തെലങ്കാന സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എഫ്‌ഡിസി) ചെയർമാൻ ദിൽ രാജുവും അല്ലു അർജുനോടൊപ്പം ഉണ്ടായിരുന്നു. നടൻ്റെ സന്ദർശനത്തിന് മുന്നോടിയായി ആശുപത്രിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. നേരത്തെ ജനുവരി അഞ്ചിന് ആശുപത്രി സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും, പിന്നീട് റദ്ദാക്കുകയായിരുന്നു. ആശുപത്രി സന്ദർശനം സംബന്ധിച്ച് രാംഗോപാൽപേട്ട് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അർജുന് നോട്ടീസ് നൽകിയിരുന്നു. ആശുപത്രിയിലും പരിസരത്തും സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി, സന്ദർശനം രഹസ്യമാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന ആൺകുട്ടിയെക്കുറിച്ച് തനിക്ക് അതീവ ആശങ്കയുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. കുട്ടി വേഗം സുഖം പ്രാപിക്കട്ടെയെന്നും, അവനെയും കുടുംബത്തെയും കാണാൻ കാത്തിരിക്കുകയാണെന്നും എന്നാൽ ഇപ്പോൾ നടക്കുന്ന നിയമനടപടികൾ കാരണം അത് വേണ്ടെന്ന് ഉപദേശിച്ചതായും നടൻ പറഞ്ഞിരുന്നു.

ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പുഷ്പ 2 പ്രീമിയറിനിടെ നടനെ കാണാൻ ആരാധകർ ഒത്തുകൂടിയ സമയത്താണ് തിക്കിലും തിരക്കിലും പെട്ട് കുട്ടിക്ക് പരുക്കേറ്റത്. സംഭവത്തിൽ കുട്ടിയുടെ അമ്മയായ രേവതി എന്ന സ്ത്രീ മരിച്ചിരുന്നു.

സംഭവത്തില്‍ അല്ലു അര്‍ജുന് കഴിഞ്ഞ ദിവസം സ്ഥിരം ജാമ്യം ലഭിച്ചിരുന്നു. അമ്പതിനായിരം രൂപയും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. അല്ലു അർജുന് നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു.

SCROLL FOR NEXT