NEWSROOM

ആമയിഴഞ്ചാന്‍ തോട് അപകടം: മരിച്ച ജോയിയുടെ മാതാവിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം പ്രഖ്യാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ക്രിസ്റ്റഫര്‍ ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കനത്ത മഴ കൂടി പെയ്തതോടെയാണ് റെയില്‍വേ കരാര്‍ ജീവനക്കാരനായ ജോയി ഒഴുക്കില്‍പ്പെട്ടത്. മൂന്ന് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

പഴവങ്ങാടി തകരപ്പറമ്പ് ഉപ്പിടാംമൂട് പാലത്തിന് സമീപത്ത് നിന്നാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ഭൂമിയിലൂടെ കടന്നു പോകുന്ന കനാലിലെ മാലിന്യം നീക്കുന്നതിനായി നഗരസഭ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കനാല്‍ വൃത്തിയാക്കുന്നതിനായുള്ള നടപടികളൊന്നും നടന്നിരുന്നില്ല.

അത് മാത്രമല്ല, കനാലിലെ മാലിന്യം റെയില്‍വേയുടേതല്ലെന്നും അത് പുറത്ത് നിന്ന് ഒഴുകിയെത്തുന്നതാണ് എന്നുമാണ് റെയില്‍വേ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ തിരുവനന്തപുരം നഗരസഭയും റെയില്‍വേയും പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മാലിന്യം നീക്കാനുള്ള കൃത്യമായ പ്രവര്‍ത്തനമാണ് നടക്കേണ്ടതെന്നുമാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ട് പറഞ്ഞത്.

SCROLL FOR NEXT