NEWSROOM

വയനാടിന് കൈത്താങ്ങ്; 10 ലക്ഷം സംഭാവന നല്‍കി അമല്‍ നീരദ് പ്രൊഡക്ഷന്‍സ്

കമ്പനിയുടെ പാര്‍ടണറും നടിയുമായ ജ്യോതിര്‍മയി എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് ചെക്ക് കൈമാറി.

Author : ന്യൂസ് ഡെസ്ക്

വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി അമല്‍ നീരദ് പ്രൊഡക്ഷന്‍സ്. കമ്പനിയുടെ പാര്‍ടണറും നടിയുമായ ജ്യോതിര്‍മയി എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് ചെക്ക് കൈമാറി. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ കേരളത്തിന് പുറത്തുനിന്നും നിരവധി പേര്‍ എത്തുന്നുണ്ട്. തെലുങ്ക് ചലച്ചിത്ര താരങ്ങളായ അലു അര്‍ജുന്‍ 25 ലക്ഷം രൂപയും ചിരഞ്ജീവിയും രാം ചരണും ചേര്‍ന്ന് ഒരു കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

ദുരന്തത്തില്‍ തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കും. ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ ഉച്ചവരെ അവസരമുണ്ടാകുമെന്നും മന്ത്രി കെ. രാജന്‍ അറിയിച്ചു. നാല് മണിക്കു ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. സര്‍വമത പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് സംസ്‌കാരം.

31 മൃതദേഹങ്ങളും കണ്ടെത്തിയ നൂറിലധികം ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്‌കരിക്കുന്നത്. ഓരോ ശരീരഭാഗങ്ങളും പ്രത്യേകമായിട്ടാണ് സംസ്‌കരിക്കുക. ഡിഎന്‍എ നമ്പര്‍ നല്‍കും. 160 ശരീര ഭാഗങ്ങളാണ് ദുരന്ത ഭൂമിയില്‍ നിന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

മേപ്പാടി പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്‌കാരം നടക്കുക. ഇതിനായി 64 സെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രത്യേക മാര്‍ഗനിര്‍ദേശ പ്രകാരമായിരുന്നു സംസ്‌കാരം. ഇന്നലെ എട്ട് മൃതദേഹങ്ങള്‍ ഇവിടെ സംസ്‌കരിച്ചിരുന്നു. രാത്രി 10.20 നായിരുന്നു സര്‍വമത പ്രാര്‍ത്ഥനയോടെ സംസ്‌കാരം.

SCROLL FOR NEXT