ആമയിഴഞ്ചാൻ തോടിൽ അപകടത്തില്‍പെട്ട് മരിച്ച ജോയിയുടെ മരണത്തിൽ പരസ്പരം പഴിചാരി സംസ്ഥാന സർക്കാരും റെയിൽവേയും. മരണത്തിനുത്തരവാദി റെയിൽവേയാണെന്ന് സർക്കാരും തിരുവനന്തപുരം നഗരസഭയും ആവർത്തിക്കുമ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കാതെ കയ്യൊഴിയുകയാണ് റെയിൽവേ. ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം നാളെ ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
അതേസമയം ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിലും റെയിൽവേ കൈമലർത്തി. നഗരസഭയുടെ പരിധിയിലുള്ള ഭാഗത്തു നിന്നാണ് മാലിന്യം റെയിൽവേ പാളത്തിലേക്ക് ഒഴുകിയെത്തുന്നതെന്നാണ് റെയിൽവേയുടെ വാദം. അതിനാൽ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നുമാണ് ഡി ആർ എം വിശദീകരിച്ചത്.
ആമയിഴഞ്ചാൻ അപകടത്തില്‍ മരണപ്പെട്ട ജോയിയുടെ മരണത്തിൻ്റെ ഉത്തരവാദി ആരെന്നതിൽ രാഷ്ട്രീയ പോര് രൂക്ഷമാകുന്നതിനിടെയാണ് റെയിൽവേയും സർക്കാരും പരസ്പരം പഴി ചാരുന്നത്. റെയിൽവേയുടെ കരാർ തൊഴിലാളിയായി റെയിൽവേയുടെ തന്നെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാനാണ് ജോയ് തോട്ടിലേയ്ക്ക് ഇറങ്ങിയത്. ഇതിനിടെ ഉണ്ടായ അപകടത്തിന് റെയിൽവേയാണ് ഉത്തരവാദിയെന്നാണ് സർക്കാരിൻ്റെയും നഗരസഭയുടെയും ആരോപണം.
റെയിൽവേയ്ക്ക് സംഭവിച്ച വീഴ്ച കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. റെയിൽവേ തിരുത്താൻ തയ്യാറാകണമെന്നും എം.ബി. രാജേഷ് കുറ്റപ്പെടുത്തി. റെയിൽവേയ്ക്ക് ഇതുവരെ സംഭവത്തിൻ്റെ ഗൗരവം മനസിലായിട്ടില്ലെന്നും ഉത്തരവാദിത്തം നഗരസഭയുടെ തലയിൽ കൊണ്ടുവയ്ക്കാൻ ചിലർ ശ്രമം നടത്തുന്നതായും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു.
അതേസമയം ജോയിയുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. മരണത്തിൽ ഇരു കൂട്ടർക്കും ഉത്തരവദിത്തം ഉണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജോയിയുടെ മരണത്തിന് ഉത്തരവാദി ഭരണ സംവിധാനത്തിൻ്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്നും പ്രതിപക്ഷം വിമർശിച്ചു. നാളെ നഗരസഭയിലേയ്ക്ക് യൂത്ത് കോൺഗ്രസ് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.