പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിജ്ഞാപനത്തിൽ തിരുത്തലുകൾ വരുത്താൻ അഞ്ച് ദിവസം ശേഷിക്കെ അന്തിമ ഭൂപടത്തിൽ അവ്യക്തത തുടരുന്നു. ഭൂപടം ജനങ്ങൾക്ക് ലഭ്യമല്ലാത്തതിനാൽ തിരുത്തലുകൾ വരുത്താൻ സാധിക്കുന്നില്ല എന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് കണ്ണൂരിലെ കർഷക സംഘടനകൾ ഉൾപ്പടെയുള്ളവരുടെ തീരുമാനം.
READ MORE: കോഴിക്കോട് കരുവന്തിരുത്തിയില് കുടിവെള്ളം മുടങ്ങിയിട്ട് 14 ദിവസം; 3000 കുടുംബങ്ങള്‍ ദുരിതത്തില്‍
131 വില്ലേജുകളെ ഉൾപ്പെടുത്തിയാണ് സംസ്ഥാനത്തെ പരിസ്ഥിതി ലോല പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതിൽ 50 ഓളം വില്ലേജുകൾ മലബാറിലെ അഞ്ച് ജില്ലകളിലുള്ളവയാണ്. എങ്കിലും ജിയോ കോർഡിനേറ്റ്സ് മാപ്പ് ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമല്ല. ഇതിനാൽ പരാതികൾ അറിയിക്കാനുമാവില്ല. 60 ദിവസമാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. ഇതിലിനി ബാക്കിയുള്ളത് അഞ്ച് ദിവസങ്ങൾ മാത്രമാണ്. ബയോ ഡൈവേഴ്സിറ്റി ബോർഡിൻ്റെ വെബ്സൈറ്റിൽ പട്ടിക ലഭ്യമാക്കണമെന്ന് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും അത് ലഭ്യമായിട്ടില്ല. ഇതോടെ ഏത് രേഖകളെ ആശ്രയിച്ച് ആക്ഷേപം അറിയിക്കും എന്ന സംശയത്തിലാണ് മലയോരത്തുള്ളവർ.
മാപ്പ് പ്രസിദ്ധീകരിച്ച ശേഷം പരാതി അറിയിക്കാൻ 50 ദിവസത്തെ സമയം കൂടി അനുവദിക്കണമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും അല്ലാത്ത പക്ഷം വിവിധ കർഷക സംഘടനകളെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നുമാണ് തലശ്ശേരി അതിരൂപതയുടെ നിലപാട്. ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കി കരട് മാപ്പ് തയാറാക്കിയെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വാദം.