2024 അമേരിക്കൻ പ്രസിഡന്‍ഷ്യല്‍ പോരില്‍ അപ്രതീക്ഷിത നീക്കങ്ങൾ നടത്തുകയാണ് ഡെമോക്രാറ്റിക് പാർട്ടി. ജോ ബെെഡന്‍ സ്ഥാനാർഥിയായേക്കില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. പ്രീപോൾ സർവ്വേ ഫലങ്ങളും ബൈഡൻ്റെ പ്രായവുമുൾപ്പെടെ നിരവധി ഘടകങ്ങൾ മുന്നിൽ കണ്ടാണ് ബൈഡൻ്റെ സ്ഥാനാർത്ഥിത്വത്തെ തള്ളാനുള്ള സാധ്യത മാധ്യമങ്ങൾ പുറത്തുവിട്ടത്.
നവംബറിലെ തെരഞ്ഞെടുപ്പില്‍ ബെെഡന് പകരക്കാരനെ കണ്ടെത്താനുള്ള ഡെമോക്രാറ്റിക് നീക്കങ്ങള്‍ ആരംഭിച്ചതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോർട്ട്. ബറാക് ഒബാമ, ബില്‍ ക്ലിന്‍റന്‍, നാന്‍സി പെലോസി അടക്കമുള്ളവർക്ക് ബെെഡന്‍റെ സ്ഥാനാർഥിത്വത്തോട് വിയോജിപ്പുണ്ടെന്ന പാർട്ടികകത്ത് നിന്നുള്ള റിപ്പോർട്ടുകളാണ് ഡെയിലി മെയില്‍ പുറത്തുവിട്ടിരിക്കുന്നത്.
2016-ല്‍ ഹിലരി ക്ലിന്‍റനെ പിന്തള്ളി സ്ഥാനാർഥിത്വത്തിലേക്ക് വന്ന ബറാക് ഒബാമയുടെ നീക്കത്തില്‍ ബെെഡനുള്ള അതൃപ്തിയും ഡെയിലി മെയില്‍ റിപ്പോർട്ടില്‍ പരാമർശിക്കുന്നു. രണ്ടാമൂഴത്തിനിറങ്ങാനുള്ള ബെെഡന്‍റെ നീക്കത്തിലുയരുന്ന ജനവികാരവും പകരക്കാരനെ കണ്ടെത്താന്‍ ഡെമോക്രാറ്റിക് പാർട്ടിയെ പ്രേരിപ്പിക്കുന്നതായി സൂചനയുണ്ട്. അടുത്തിടെ പാർട്ടി നിധി സമാഹരണത്തില്‍ 81 കാരനായ ബെെഡന്‍റെ പ്രായത്തെക്കുറിച്ചും സ്ഥാനാർഥിത്വത്തെക്കുറിച്ചും ചോദ്യമുയർന്നിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിശബ്ദനായി നിന്ന ബെെഡന്‍റെ പ്രതിച്ഛായ പാർട്ടിക്ക് ഗുണകരമല്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ പക്ഷം. പ്രീപോളില്‍ ബെെഡന്‍റെ ജയസാധ്യത 37.4 ശതമാനത്തിലേക്ക് താഴ്ന്നതും അത്ര ശുഭകരമല്ല. കാലിഫോർണിയ ഗവർണർ സ്ഥാനം ലക്ഷ്യമിടുന്ന കമല ഹാരിസ് ബെെഡന് പകരക്കാരിയായി എത്താനുള്ള സാധ്യതയും റിപ്പോർട്ട് തള്ളികളയുന്നുണ്ട്.