NEWSROOM

അമേരിക്കൻ തെരഞ്ഞെടുപ്പ്; ജോ ബൈഡൻ്റെ സ്ഥാനാർഥിത്വത്തിൽ ആശങ്ക പ്രകടിപ്പിച്ച് ബരാക്ക് ഒബാമ

ട്രംപിനെ പരാജയപ്പെടുത്താൻ ബൈഡന് കഴിയില്ലെന്ന മുൻ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ വാദത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ബരാക്ക് ഒബാമയുടെ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക്ക് ഒബാമ. ജോ ബൈഡന് ഇത്തവണ വിജയസാധ്യത കുറവാണെന്നായിരുന്നു ഒബാമയുടെ അഭിപ്രായം. സ്ഥാനാർഥിത്വത്തെക്കുറിച്ച് അടിയന്തരമായി പുനർചിന്തനം നടത്തണമെന്നും ഒബാമ പറഞ്ഞു.

ബൈഡനും ട്രംപുമായുള്ള സംവാദത്തിന് ശേഷം ഒരു തവണ മാത്രമേ ബൈഡനും ഒബാമയും സംസാരിച്ചിട്ടുള്ളൂ. ഡെമോക്രാറ്റ് പ്രതിനിധിയായ ജോ ബൈഡൻ്റെ സ്ഥാനാർത്ഥിത്വത്തെ ഇതുവരെ പിന്തുണച്ചിരുന്ന ഒബാമ, ബൈഡന്റെ ആരോഗ്യനില കൂടി കണക്കിലെടുത്താണ് ഇപ്പോൾ ആശങ്കകൾ പങ്കുവെച്ചിരിക്കുന്നത്.

റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ ബൈഡന് കഴിയില്ലെന്ന് മുൻ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി പറഞ്ഞിരുന്നു. ഈ വാദത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ബരാക്ക് ഒബാമയുടെ പ്രസ്താവന. നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ തന്നെ സ്ഥാനാർഥിയായാൽ ഡെമോക്രാറ്റുകൾക്ക് രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് കയറാൻ സാധിക്കില്ലെന്നായിരുന്നു നാൻസി പെലോസി പറഞ്ഞത്. എന്നിരുന്നാലും പല സർവേകളും സൂചിപ്പിക്കുന്നത് തൻ്റെ വിജയമാണെന്ന് കാട്ടി നാൻസി പെലോസിയുടെ വാദത്തെ ബൈഡൻ എതിർത്തു.

കഴിഞ്ഞയാഴ്ച ഒബാമ നാൻസി പെലോസിയുമായി നടത്തിയ സ്വകാര്യ ചർച്ചയിൽ, തെരഞ്ഞെടുപ്പിലെ ജോ ബൈഡൻ്റെ പ്രചരണത്തെക്കുറിച്ചും അദ്ദേഹത്തിൻ്റെ ജനപ്രീതിയെക്കുറിച്ചുമുള്ള ആശങ്കകൾ പങ്ക് വെച്ചിരുന്നു. എന്നാൽ ട്രംപിനെ തോൽപ്പിക്കാൻ കഴിവുള്ള ഏറ്റവും മികച്ച ഡെമോക്രാറ്റാണെന്ന വിശ്വാസമുണ്ടെന്ന് പറഞ്ഞ് സ്ഥാനാർഥിത്വത്തിൽ നിന്ന് മാറിനിൽക്കാനുള്ള അഭിപ്രായങ്ങളെ ബൈഡൻ നിരസിച്ചു. അതേസമയം ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയസാധ്യത മെച്ചപ്പെടുത്തിയേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.


SCROLL FOR NEXT