അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പിന്തുണയുറപ്പിക്കാനുള്ള നീക്കം നടത്തി ജോ ബൈഡൻ. ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി. ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡൻ്റെ ജനപ്രീതി വൻതോതിൽ ഇടിഞ്ഞെന്നുള്ള റിപ്പോർട്ടുകൾക്കും പാർട്ടിക്കുള്ളിൽ നേരിടുന്ന എതിർപ്പിനെയും തുടർന്നാണ് നടപടി.സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സമ്മർദങ്ങൾ ശക്തമായെങ്കിലും പിന്മാറാൻ തയാറല്ലെന്ന് ബൈഡൻ അറിയിച്ചതായാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. വൈസ് പ്രസിഡൻ്റ് കമല ഹാരിസിനെ പ്രസിഡൻ്റ് സ്ഥാനാർഥിയായി പരിഗണിക്കുന്നതായും കമല പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചതായും റിപ്പോർട്ടുകൾ വന്നു. എന്നാൽ ബൈഡൻ പിന്മാറുന്നുവെന്ന വാർത്ത അദ്ദേഹത്തിൻ്റെ പ്രചാരണ വിഭാഗം നിഷേധിച്ചിട്ടുണ്ട്.
സംവാദത്തിന് പിന്നാലെ ബൈഡൻ്റെ സ്ഥാനാര്‍ഥിത്വം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായി മാറുന്നുവെന്ന ആശങ്ക മുന്‍ അമേരിക്കന്‍ പ്രസിഡൻ്റ് ബരാക് ഒബാമ പങ്കുവെച്ചു. ഡെമോക്രാറ്റിക് നേതാവ് ഇല്ല്യോഡ് ഡോഗറ്റ് ബൈഡനെതിരെ പരസ്യമായി രംഗത്തുവന്നു. 'തൻ്റെ രാജ്യത്തെ സേവിക്കാൻ, പ്രസിഡൻ്റ് ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണം' എന്ന തലക്കെട്ടോടെയാണ് ന്യൂയോർക്ക് ടൈംസ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്. അതേസമയം ടെലിവിഷൻ സംവാദത്തിലെ മോശം പ്രകടനത്തിൽ വിശദീകരണവുമായി ജോ ബൈഡൻ രംഗത്തെത്തി. സംവാദത്തിന് തൊട്ടുമുമ്പ് വരെ താൻ വിദേശത്തേക്കടക്കം നിരവധി യാത്രകൾ നടത്തിയിരുന്നെന്നും കടുത്ത യാത്രാ ക്ഷീണം അലട്ടിയിരുന്നുവെന്നുമാണ് വിശദീകരണം.