യു എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ പ്രചരണ തിരക്കിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇപ്പോൾ ചർച്ചയാകുന്നത് ട്രംപിൻ്റെ ഭാര്യ മെലാനിയ ട്രംപിൻ്റെ, ട്രംപുമായുള്ള വ്യത്യസ്ത ഉടമ്പടിയാണ്. എഴുപത്തിയെട്ടുകാരനായ ട്രംപ് തിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡണ്ട് ആയാൽ, പ്രഥമ വനിതയായി എല്ലാ ദിവസവും, 24 മണിക്കൂർ സേവനം തുടരാനാകില്ലെന്നാണ് മെലാനിയ, ഡൊണാൾഡ് ട്രംപിനെ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് രണ്ട് പേരും ഉടമ്പടിയുണ്ടാക്കിയിരിക്കുന്നതായി മാധ്യമ ഏജൻസിയായ പേജ് സിക്സ് റിപ്പോർട്ട് ചെയ്തു.
മകനായ 18 വയസ്സുകാരൻ ബാരോൺ ട്രംപ് ന്യൂയോർക്ക് സിറ്റിയിലെ യൂനിവേഴ്സിറ്റിയിലേക്ക് പഠനത്തിനായി പുറപ്പെടാനിരിക്കുകയാണ്. മകൻ പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്നതു വരെ അമ്മയുടെ സാന്നിധ്യമുണ്ടാകേണ്ടതുണ്ട്. തനിക്ക് മകന് കൈത്താങ്ങാകണമെന്നും, ചിലപ്പോൾ ആഴ്ചയിലോ മാസത്തിലോ ന്യൂയോർക്ക് സിറ്റി സന്ദർശിക്കേണ്ടി വരുമെന്നും മെലാനിയ അറിയിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാരോൺ ട്രംപ് ആദ്യമായാണ് മറ്റൊരു നഗരത്തിൽ പൂർണ്ണമായും ഒറ്റയ്ക്ക് താമസിക്കാനൊരുങ്ങുന്നത്. കൂടാതെ, പ്രസിഡൻ്റിൻ്റെ മകൻ കൂടിയാകുമ്പോൾ ലഭിക്കുന്ന പ്രത്യേക ശ്രദ്ധയിൽ തനിക്ക് ആശങ്കയുണ്ടെന്നും മെലാനിയ അറിയിച്ചു.
എന്നാൽ, നവംബർ അഞ്ചിന് നടക്കുന്ന യു എസ് തെരഞ്ഞെടുപ്പിൻ്റെ പ്രചാരണച്ചൂടിലാണ് സ്ഥാനാർത്ഥികൾ. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഓരോ വോട്ടും ഉറപ്പിക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ ജോ ബൈഡനും.