NEWSROOM

ടിബറ്റിനുള്ള അമേരിക്കൻ പിന്തുണ ശക്തിപ്പെടുത്തും; പുതിയ ബില്ലിൽ ഒപ്പു വെച്ച് ജോ ബൈഡൻ

രാജ്യത്തെ നിയന്ത്രിക്കുന്നതിനോ അടിച്ചമർത്തുന്നതിനോ ഒരു ശക്തിക്കും കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ബില്ലിനെ എതിർത്ത് ചൈന രംഗത്തെത്തി

Author : ന്യൂസ് ഡെസ്ക്

ടിബറ്റിന് പിന്തുണ ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള ബില്ലിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ടിബറ്റിന് നൽകുന്ന പിന്തുണ വർധിപ്പിക്കുക, ടിബറ്റൻ മേഖലയുടെ പദവിയും ഭരണവും സംബന്ധിച്ച തർക്കം സമാധാനപരമായി പരിഹരിക്കുന്നതിന് ചൈനീസ് ഭരണകൂടവും ദലൈലാമയും തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുക, തുടങ്ങിയവാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ.

ടിബറ്റുകാരുടെ മനുഷ്യാവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും, അവരുടെ ഭാഷാപരവും സാംസ്കാരികവും മതപരവുമായ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രതിബദ്ധതയുണ്ടെന്നും ബൈഡൻ പറഞ്ഞു. എന്നാൽ, ടിബറ്റിനെ ഒരു സ്വയംഭരണ പ്രദേശമായും, ചൈനയിലെ മറ്റു ടിബറ്റൻ പ്രദേശങ്ങളെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായും കണക്കാക്കുന്ന അമേരിക്കയുടെ ഉഭയകക്ഷി നയത്തിൽ ഈ ബില്ല് കൊണ്ട് മാറ്റം വരില്ലെന്നും ബൈഡൻ വ്യക്തമാക്കി.

ടിബറ്റിനെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് ഒരു സമാധാനപരമായ കരാർ രൂപീകരിക്കണം. ഇതിനായി ദലൈലാമയുമായോ അദ്ദേഹത്തിൻ്റെ പ്രതിനിധികളുമായോ മുൻവ്യവസ്ഥകളില്ലാതെ നേരിട്ടുള്ള സംഭാഷണം പുനരാരംഭിക്കാൻ ചൈനയോട് ആവശ്യപ്പെടുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. 1959ൽ 14ാമത് ദലൈലാമ ടിബറ്റിൽ നിന്ന് ഇന്ത്യയിലെത്തി ഹിമാചൽ പ്രദേശിലെ ധരംശാലയിൽ ഒരു സ്വതന്ത്ര സർക്കാർ രൂപീകരിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ, 2002 മുതൽ 2010 വരെ ദലൈലാമയുടെ പ്രതിനിധികളും ചൈനീസ് ഭരണകൂടവും തമ്മിൽ ഒൻപതോളം ചർച്ചകളും കൂടിക്കാഴ്ചകളും നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ടിബറ്റിനെ രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വേർപെടുത്താൻ പ്രവർത്തിക്കുന്ന ഒരു വിഘടനവാദിയായാണ്, ഇന്ത്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 89 കാരനായ ടിബറ്റൻ ആത്മീയ നേതാവിനെ ചൈന കാണുന്നത്. ഇത്തരത്തിൽ ചൈനീസ് ഭരണകൂടത്തിൽ നിന്ന് ടിബറ്റിനെ കുറിച്ചുയരുന്ന തെറ്റായ വിവരങ്ങൾ പ്രതിരോധിക്കാമെന്നാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.

പുരാതന കാലം മുതൽ തന്നെ ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന ഭരണകൂടത്തിൻ്റെ വാദത്തെ യുഎസ് ബിൽ എതിർക്കുന്നു. ഇക്കാര്യത്തിൽ ഭരണകൂടവും ദലൈലാമയും അല്ലെങ്കിൽ, ദലൈലാമയുടെ പ്രതിനിധികളോ ആയി ചർച്ച നടത്തി ഒരു ഉടമ്പടിയിലെത്തി ചേരണമെന്നും ബില്ലിൽ പറയുന്നു. അതേസമയം, ഈ ബില്ലിനെ എതിർത്തു കൊണ്ട് ചൈന രംഗത്തെത്തി. ചൈനയെ നിയന്ത്രിക്കുന്നതിനോ അടിച്ചമർത്തുന്നതിനോ വേണ്ടി ടിബറ്റൻ സ്വയംഭരണ പ്രദേശമായ സിസാങ്ങിനെ അസ്ഥിരപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ലെന്നായിരുന്നു ചൈനയുടെ പ്രസ്ഥാവന.

SCROLL FOR NEXT