ലളിത കായി 
NEWSROOM

മഹാരാഷ്ട്ര വനത്തിൽ കണ്ടെത്തിയ അമേരിക്കൻ വനിത മുംബൈ സന്ദര്‍ശിച്ചു; അന്വേഷണം ഊർജിതമാക്കി പൊലീസ്

സിന്ധുദുർഗ് ജില്ലയിലെ സോനുർലിയിലെ വനത്തിലാണ് 50കാരി ലളിത കായി കുമാറിനെ ചങ്ങലയിൽ ബന്ധിപ്പിക്കപ്പെട്ട് അവശനിലയിൽ കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ വനത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയില്‍ കണ്ടെത്തിയ അമേരിക്കന്‍ വനിത ജൂൺ മാസത്തിൽ മുംബൈ സന്ദര്‍ശിച്ചിരുന്നതായി പൊലീസ്. സന്ദര്‍ശനത്തിന്‍റെ ഉദ്ദേശം വ്യക്തമല്ലായെന്നും മുംബൈ പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. 

കാട്ടിൽ നിന്ന് കണ്ടെത്തുമ്പോൾ ലളിത കായി എന്ന 50 വയസുകാരിയില്‍ നിന്നും യു.എസ് പാസ്‌പോര്‍ട്ടിന്‍റെ കോപ്പിയും തമിഴ്നാട് വിലാസമുള്ള ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെത്തിയിരുന്നു. യുഎസ്സിലടക്കം അന്വേഷണം വ്യാപിപ്പിച്ചിരുന്നതായാണ് സിന്ധുദുര്‍ഗ് പൊലീസ് പറയുന്നത്.

10 വര്‍ഷം മുന്‍പ് യോഗയും ധ്യാനവും പഠിക്കാനായാണ് ലളിത തമിഴ്‌നാട്ടില്‍ എത്തിയതെന്നാണ് പൊലീസിനു കിട്ടിയ വിവരം. ഇവിടെ വെച്ചാണ് തമിഴ്‌നാട് സ്വദേശിയെ വിവാഹം കഴിക്കുന്നതും ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകൾ നേടുന്നതും. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ഗോവയിലായിരുന്നു ലളിത താമസിച്ചിരുന്നത്.  ഇതിനിടയിൽ ലളിതയുടെ മുംബൈ സന്ദര്‍ശനമാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.

കാട്ടിൽ ഉപേക്ഷിച്ചത് മുന്‍ ഭര്‍ത്താവാണെന്നായിരുന്നു സ്ത്രീയുടെ മൊഴി. 25 ദിവസമായി ഭക്ഷണം കഴിച്ചില്ല എന്നൊരു കുറിപ്പ് പൊലീസ് ലളിതയുടെ പക്കല്‍ നിന്നും കണ്ടെത്തിയിരുന്നു.

സിന്ധുദുര്‍ഗ് ജില്ലയിലെ സോനുര്‍ലിയിലെ കാട്ടിൽ  ലളിത കായി കുമാറിനെ ചങ്ങലയില്‍ ബന്ധിപ്പിക്കപ്പെട്ട് അവശനിലയില്‍ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാത്തതിനാല്‍ വളരെ ദുര്‍ബലയായിരുന്നു ലളിത. സംസാരിക്കാനും കഴിഞ്ഞിരുന്നില്ല. പൊലീസെത്തിയാണ് ലളിത കായിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

SCROLL FOR NEXT