രണ്ടു ദിവസത്തെ അമിത് ഷാ യുടെ സന്ദർശനത്തോടെ ബിഹാറിൽ അനൗദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നു ബിജെപി. ബിഹാറിലെ ജനങ്ങൾക്ക് 800 കോടിയുടെ പദ്ധതികളാണ് അമിത് ഷാ വാഗ്ദാനം ചെയ്തിരിക്കുന്നത്. വൻ ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് NDA ഭരണത്തിൽ വരുമെന്ന് പറഞ്ഞ അമിത് ഷാ, ലാലു പ്രസാദ് യാദവിനെതിരെയും വിമർശനമുന്നയിച്ചു. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ലാലു പ്രസാദ് യാദവിൻ്റെ RJDക്കെതിരെയും UPA സഖ്യസർക്കാരിനെതിരെയും രൂക്ഷവിമർശനം. ബിഹാറിനായി കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ബിജെപിയുടെ കാഹളം മുഴക്കലായി അമിത് ഷായുടെ സന്ദർശനം മാറി.
സഹകരണവകുപ്പിൽ 111 കോടിയുടെ പദ്ധതികൾ. നഗര വികസന, ഭവന വകുപ്പിൽ 421 കോടിയുടെ പദ്ധതി. 181 കോടി രൂപ ചെലവഴിച്ചുള്ള പൊലീസ് കെട്ടിടങ്ങളുടെ പദ്ധതിക്ക് തറക്കല്ലിടൽ. 109 കോടി വരുന്ന ദേശിയ പാത, റോഡ് വികസന പദ്ധതികൾ. ദർഭംഗ ജില്ലയിലെ മഖാന സംസ്കരണ യൂണിറ്റിൻ്റെ ഉദ്ഘാടനം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിഹാറിന് വീണ്ടും പദ്ധതികൾ വാരിക്കോരി നൽകുകയാണ് കേന്ദ്രസർക്കാർ.
Also Read;'CPIM വേദിയില് സനാതനധർമത്തെപ്പറ്റി സംസാരിച്ചു'; BJP പ്രവർത്തകർ ആക്രമിച്ചെന്ന് ടി.എസ്. ശ്യാംകുമാർ
യുപിഎ സർക്കാരുകൾക്കെതിരെയും ലാലു പ്രസാദ് യാദവിൻ്റെ ആർജെഡിക്കെതിരെയും വലിയ വിമർശനവും അമിത് ഷാ നടത്തി . യുപിഎ കാലയളവിൽ ബിഹാറിന് ലഭിച്ചത് 2.80 ട്രില്യണിൻ്റെ പദ്ധതികളെങ്കിൽ എൻഡിഎ ഭരണത്തിൽ ഇത് 9.23 ട്രില്യണായി വർധിച്ചു. മോദി പാവപ്പെട്ടവർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും യുപിഎയും ആർജെഡിയും പാവപ്പെട്ടവർക്കായി എന്തു ചെയ്തെന്നും അമിത് ഷാ.
ലാലു പ്രസാദ് യാദവിൻ്റെ കാലയളവിൽ ബിഹാർ ജംഗിൾ രാജായി. സാമ്പത്തിക രംഗത്തോ സംസ്ഥാനത്തിൻ്റെ വികസനത്തിനോ വേണ്ടി ലാലു ഒന്നും ചെയ്തില്ലെന്നും ആരോപണശരങ്ങൾ. ഈ ഭരണകാലയളവിൽ നടന്നത് കൊലപാതകങ്ങളും അഴിമതികളും തട്ടിക്കൊണ്ടുപോകലും മാത്രമെന്നും അമിത് ഷാ ആരോപിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൻഡിഎ വൻ ഭൂരിപക്ഷത്തോടെ ഭരണത്തിലേറുമെന്ന ആത്മവിശ്വാസവും അമിത് ഷാ പ്രകടിപ്പിച്ചു. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ബിഹാറിലെത്തിയത്.