NEWSROOM

അമ്മു സജീവൻ്റെ മരണം: തലയ്ക്കും ഇടുപ്പിനും തുടയ്ക്കും ഉണ്ടായ പരുക്ക് മരണകാരണം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ന്യൂസ് മലയാളത്തിന്

തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയിലെ ചുട്ടിപ്പാറ നഴ്സിംഗ് വിദ്യാർഥി അമ്മു സജീവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ന്യൂസ് മലയാളത്തിന്. മരണത്തിന് കാരണം തലയ്ക്കും, ഇടുപ്പിനും, തുടയ്ക്കും ഉണ്ടായ പരുക്ക്. വലത് ശ്വാസകോശത്തിന് താഴെ ചതവുണ്ടായി.‌ തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്കും പൊട്ടലുണ്ടായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

നഴ്‌സിങ് കോളേജ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ കോളേജ് പ്രിന്‍സിപ്പലിനും മൂന്ന് വിദ്യാര്‍ഥികള്‍ക്കും എതിരെ നടപടിയെടുത്തിരുന്നു. പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. സീപാസിന് കീഴിലെ സീതത്തോട് കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. പകരം സീതത്തോട് കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി. അമ്മുവിന്റെ മരണത്തില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളേയും കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിനികള്‍ നിലവില്‍ ജാമ്യത്തിലാണ്.

ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥിനിയായ തിരുവനന്തപുരം അയിരൂപാറ സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിക്കുകയായിരുന്നു. പിന്നാലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. സഹപാഠികളായ വിദ്യാര്‍ഥികള്‍ അമ്മുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം.

SCROLL FOR NEXT