NEWSROOM

തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം; കഴിഞ്ഞമാസം മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നെയ്യാറ്റിൻകര കണ്ണറവിളയിൽ യുവാവിൻ്റെ മരണം അമീബിക് മസ്‌തിഷ്‌ക ജ്വരം മൂലമെന്ന് സ്ഥിരീകരിച്ചു . കണ്ണറവിള സ്വദേശി അഖിലാണ് കഴിഞ്ഞ മാസം 23ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുളത്തിൽ കുളിച്ചതിനു ശേഷം ഇയാൾക്ക് കടുത്ത പനി അനുഭവപ്പെടുകയായിരുന്നു. മരിക്കുന്നതിന് 10 ദിവസം മുൻപാണ് അഖിലിന് പനി ബാധിച്ചത്.  

ഇതേ കുളത്തിൽ കുളിച്ചതിനു ശേഷം പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാല് പേരിൽ മൂന്നുപേർക്കും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പ്ലാവറത്തലയിൽ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലെടുക്കണം. കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തില്‍ കുളിക്കരുതെന്നും മന്ത്രി നിർദേശിച്ചു. അവബോധം ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. ആരോഗ്യവകുപ്പിന്റെ നിർദേശത്തെത്തുടർന്ന് കണ്ണറവിളയ്ക്കു സമീപത്തെ കാവിൻകുളത്തിൽ ഇറങ്ങുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. 

SCROLL FOR NEXT