പി.വി അന്‍വറിനെതിരെയുള്ള സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ സിപിഐ. കയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ല. ആശയങ്ങളെ എതിര്‍ക്കേണ്ടത് ആശയങ്ങള്‍ കൊണ്ടാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. നിലമ്പൂര്‍ സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ടൗണിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനം നടന്നിരുന്നു. 'ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാല്‍ കയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും', 'പൊന്നേയെന്ന് വിളിച്ച നാവില്‍ പോടായെന്ന് വിളിക്കാനറിയാം' തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തില്‍ ഉയര്‍ന്നത്.
നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തില്‍ ഇരുന്നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. അന്‍വറിന്റെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു.
പി.വി അന്‍വറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രഖ്യാപിച്ചിരുന്നു. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്തു. ഇതിനു പിന്നാലെയാണ്, നിലമ്പൂരില്‍ അന്‍വറിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. മലപ്പുറത്തെ 18 ഏരിയാ കമ്മിറ്റികള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
അതേസമയം, പി.വി.അന്‍വറിന്റെ നിലപാടിനേയും ബിനോയ് വിശ്വം വിമര്‍ശിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തെ കുറിച്ച് ബോധ്യമുള്ള ആളല്ല അന്‍വര്‍. എല്‍ഡിഎഫിന്റെ ഭാഗമായോ ഇടതുപക്ഷത്തിന്റെ രക്ഷകനായോ അല്ല ഞങ്ങള്‍ അന്‍വറിനെ കാണുന്നത്. അന്‍വറിന് രക്ഷകവേഷം നല്‍കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അത് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരെല്ലാമാണ് അന്‍വറിന്റെ പിറകിലുള്ളതെന്ന് പതുക്കെ പതുക്കെ പുറത്തുവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.