മുൻ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ബെംഗളൂരുവിൽ എയർപോർട്ട് ജീവനക്കാരനെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനായ രാമകൃഷ്ണയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രതി രമേശിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടി ബെംഗളൂരു എയർപോർട്ട് പൊലീസിന് കൈമാറി. രക്തം വാർന്ന് കിടക്കുന്ന എയർപോർട്ട് ജീവനക്കാരൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കൊലപാതകത്തിനായി ഉപയോഗിച്ച ആയുധം ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് പ്രതി രമേശ് വിമാനത്താവളത്തിലെത്തിയത്. എയർപോർട്ടിലെ ട്രോളി ഓപ്പറേറ്റർ ജീവനക്കാരനായ രാമകൃഷ്ണ പുറത്തിറങ്ങുന്നത് വരെ രമേശ് കാത്തിരുന്നു. രാമകൃഷ്ണ പുറത്തെത്തിയപ്പോൾ കയ്യിൽ കരുതിയ ആയുധം കൊണ്ട് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. എയർപോർട്ട് ടെർമിനൽ ഒന്നിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ വെച്ചായിരുന്നു കൊലപാതകം.
കർണാടക തുമകുരു ജില്ലയിലെ മധുഗിരി താലൂക്കിലെ തിമ്മനഹള്ളി സ്വദേശികളാണ് ഇരുവരും. കൊല്ലപ്പെട്ട രാമകൃഷ്ണനുമായി പ്രതി രമേശിൻ്റെ മുൻഭാര്യക്ക് ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെ തുടർന്നാണ് 2022 ൽ രമേശും ഭാര്യയും വേർപിരിഞ്ഞത്. വിഷയത്തെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നു. പ്രതി പലതവണ രാമകൃഷ്ണനെ കൊലപ്പെടുത്താൻ ശ്രമിച്ചതായും പൊലീസ് പറയുന്നു.