തൃശൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് തീ ഇടാൻ ശ്രമം. വിൽ വട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വൈകുന്നേരം ഏഴുമണിയോടെ മാസ്ക് ധരിച്ച ഒരാൾ ആശുപത്രിയിലേക്ക് ദ്രാവകം ഒഴിക്കുകയും തീയിടുകയുമായിരുന്നു.
കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ചേർന്ന് തീയണച്ചു. തീ അണക്കാൻ ശ്രമിക്കുന്നതിനിടയാണ് ഒരു ജീവനക്കാരന് പരിക്കേറ്റു. അഗ്നിബാധയിൽ ഓഫീസിലെ ഫയലും ഫാര്‍മസി റൂമിലെ മേശപ്പുറത്തിരുന്ന മരുന്നുകളും കത്തി നശിച്ചു. രണ്ട് മുറികളിൽ തീപടർന്നതായാണ് വിവരം. ഓഡിറ്റിങ്ങിൻ്റെ ഭാഗമായി ഈ സമയം ജീവനക്കാര്‍ ഓഫീസിനകത്തുണ്ടായിരുന്നു.
ജീവനക്കാരോട് തട്ടിക്കയറി അക്രമി കുപ്പിയിലെ ഇന്ധനം ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ജീവനക്കാരൻ ധരിച്ചിരുന്ന ജീന്‍സിലാണ് തീപിടിച്ചത്. ജീന്‍സ് പെട്ടെന്ന് ഊരിയെറിഞ്ഞ് ഇയാൾ രക്ഷപ്പെട്ടു.
അതേസമയം, തീവെച്ചയാൾ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ 18ന് ഇയാൾ ഹെല്‍ത്ത് സെൻ്ററി ലെത്തി വാങ്ങിയ മരുന്നിന് ഗുണമേന്മയില്ലെന്ന് പറഞ്ഞ് ബഹളം വച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.