NEWSROOM

ആപ്പിളിനായി 'വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോം' നിർമിക്കാനെന്ന വ്യാജേന ഒരു കോടി തട്ടി; വിദേശ പൗരനെ പറ്റിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ

ആപ്പിളിൽ തനിക്ക് ബന്ധങ്ങളുണ്ടെന്നും, ഐഫോണിലും മാക്ബുക്കിലും ഐപാഡിലും എളുപ്പത്തിൽ ഉപയോ​ഗിക്കാൻ സാധിക്കുന്ന ഒരു വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കാമെന്നും പോൾ ഷെപ്പേർഡിന് മായങ്ക് സലൂജ വാക്ക് നൽകി.

Author : ന്യൂസ് ഡെസ്ക്

ആപ്പിൾ ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കാൻ കരാർ ഏറ്റെടുത്ത് ഓസ്‌ട്രേലിയൻ പൗരനിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത ഇൻഡോറുകാരനായ വെബ് ഡെവലപ്പറെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രീലാൻസ് ഡെവലപ്പറായ മായങ്ക് സലൂജയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരനായ ഓസ്‌ട്രേലിയൻ ചാർട്ടേഡ് അക്കൗണ്ടൻ്റ് പോൾ ഷെപ്പേർഡ് വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോം ഉണ്ടാക്കാൻ മായങ്ക് സലൂജയോട് ആവശ്യപ്പെട്ടതായി സൈബർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര സിംഗ് പറഞ്ഞു. ആപ്പിളിൽ തനിക്ക് ബന്ധങ്ങളുണ്ടെന്നും, ഐഫോണിലും മാക്ബുക്കിലും ഐപാഡിലും എളുപ്പത്തിൽ ഉപയോ​ഗിക്കാൻ സാധിക്കുന്ന ഒരു വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കാമെന്നും പോൾ ഷെപ്പേർഡിന് മായങ്ക് സലൂജ വാക്ക് നൽകി. എന്നാൽ, ആപ്പിളുമായി ഉടമ്പടി ഉണ്ടാക്കുന്നതിന് ഒരു എൻജിഒ രൂപീകരിക്കാനും മായങ്ക് സലൂജ ആവശ്യപ്പെട്ടു.

സലൂജയ്ക്ക് 1.77 ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഒരു കോടിയോളം രൂപ) കൈമാറിയെന്നും, എന്നാൽ ഉൽപന്നം ലഭിച്ചില്ലെന്നും ഷെപ്പേർഡിൻ്റെ പരാതിയിൽ പറയുന്നു. തെളിവ് നശിപ്പിക്കാതിരിക്കാൻ സലൂജ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാനുള്ള അവകാശം സൈബർ പൊലീസ് നേടിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് എസ്.പി അറിയിച്ചു.

SCROLL FOR NEXT