ഇന്ത്യന്‍ വംശജനും യുകെയില്‍ താമസക്കാരനുമായ പ്രൊഫസറിനെതിരെ മണിപ്പൂര്‍ പൊലീസ് കേസെടുത്തതില്‍ കുക്കി ഗോത്ര വിഭാഗത്തിന്‍റെ പ്രമുഖ വിദ്യാര്‍ഥി സംഘടന പ്രതിഷേധം അറിയിച്ചു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഗോത്രങ്ങള്‍ക്കിടില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നു എന്നായിരുന്നു പ്രൊഫസര്‍ക്കെതിരെയുള്ള കേസ്.
"ബിരേന്‍ സിങ് നയിക്കുന്ന മണിപ്പൂര്‍ സര്‍ക്കാരിന്‍റെ ദുഷ്ചെയ്തികള്‍ വെളിച്ചത്തു കൊണ്ട് വരുന്ന വ്യക്തികളേയും സംഘടനകളേയും അന്യായമായി ലക്ഷ്യം വെയ്ക്കുന്ന അസുഖകരമായ ട്രെന്‍ഡിനെയാണ് ഇത് പ്രതിനിധീകരിക്കുന്നത്" , കുക്കി വിദ്യാര്‍ഥി സംഘടനയുടെ ഡല്‍ഹി ഘടകം പ്രസ്താവനയിലൂടെ പറഞ്ഞു.
ഇംഫാലില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരം, ബര്‍മ്മിങ്ഹാം സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ ഉദയ് റെഡ്ഡി ഓണ്‍ലൈന്‍ സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിലെ പ്രസംഗങ്ങളും വഴി മണിപ്പൂരില്‍ രണ്ട് ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ മതപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതായി ആരോപിക്കുന്നു.
എന്നാല്‍ ഉദയ് റെഡ്ഡി കുക്കി-മെയ്‌തി വിഭാഗങ്ങളുടെ ശരിയായ ചരിത്രം പക്ഷപാതങ്ങളില്ലാതെ അവതരിപ്പിക്കുയായിരുന്നുവെന്നാണ് കുക്കി വിദ്യാര്‍ഥി സംഘടനയുടെ വാദം. നിയമപരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് റെഡ്ഡിയുടെ അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞിരിക്കുകയാണ് എക്‌സ്.
കഴിഞ്ഞ ദിവസങ്ങളിലാണ് മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ തന്‍റെ സമീപനം ശരിയായിരുന്നില്ലെന്നും അതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്നും മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞത്.