NEWSROOM

പാതി വില തട്ടിപ്പ്: അനന്തു കൃഷ്ണന്‍റെ ജാമ്യാപേക്ഷ തള്ളി

ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന നിരീക്ഷണത്തെ തുടർന്നാണ് മൂവാറ്റുപുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്

Author : ന്യൂസ് ഡെസ്ക്

പാതി വില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണൻ്റെ ജാമ്യമില്ല. ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന നിരീക്ഷണത്തെ തുടർന്നാണ് മൂവാറ്റുപുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. വലിയ വാദ പ്രതിവാദങ്ങളായിരുന്നു ജാമ്യവുമായി ബന്ധപ്പെട്ട് നടന്നത്.

നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അനന്തു കൃഷ്ണൻ്റെതെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. കൂടാതെ ജിഎസ്ടി നമ്പറടക്കമുണടെന്നും, പ്രതി ആരുടെ കൈയ്യിൽ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കോടതിയിൽ പറഞ്ഞു. എന്നാൽ കോടതി ഈ വാദമൊന്നും ചെവിക്കൊണ്ടില്ല. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ഈ ഘട്ടത്തിലാണ് കോടതി അനന്തു കൃഷ്ണൻ്റെ ജാമ്യം നിഷേധിച്ചത്.

അതേസമയം പാതിവില തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ചിന് അന്വേഷണ ചുമതല നൽകി. അന്വേഷണം ഏറ്റെടുത്തതായി ക്രൈം ബ്രാഞ്ച് എസ്പി എംജി സോജന്‍ അറിയിച്ചിരുന്നു. ഒരോ കേസുകളും പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനം.കേസ് ഫയലുകള്‍ ആവശ്യപ്പെട്ടതായും എസ്പി അറിയിച്ചു.അനന്തു കൃഷ്ണൻ 6.32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഗുണഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ പകുതി വിലയില്‍ നല്‍കാമെന്നും ലാപ്‌ടോപ്പും മറ്റ് വീട്ടുപകരണങ്ങളും നല്‍കാമെന്നായിരുന്നു കരാര്‍.

കേരളത്തിലുടനീളം എല്ലാ ജില്ലകളിലും നിരവധി കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനിടയില്‍, മൊഴി വിവരങ്ങള്‍ പുറത്തു വന്നതോടെ മൊഴികള്‍ തിരുത്തണമെന്ന് പ്രതി പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഇരുന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന കാര്യം പ്രതി അറിയുന്നത്. ഇതോടെയാണ് ചില രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മാറ്റണമെന്ന് പ്രതി പൊലീസിനോട് ആവശ്യപ്പെട്ടത്. പുറത്തിറങ്ങിയാല്‍ ജീവന്‍ നഷ്ടപ്പെടുമെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

SCROLL FOR NEXT