Anchal Ramabhadran 
NEWSROOM

അഞ്ചല്‍ രാമഭദ്രന്‍ വധക്കേസ്: 14 പ്രതികള്‍ കുറ്റക്കാർ; വിധി പതിനാല് വർഷങ്ങൾക്കു ശേഷം

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയമോഹന്‍ അടക്കം നാല് പ്രതികളെ കേസിൽ വെറുതെ വിട്ടു.

Author : ന്യൂസ് ഡെസ്ക്

ഐഎൻടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രന്‍ വധക്കേസിൽ സിപിഎം കൊല്ലം ജില്ലാ കമ്മറ്റി അംഗം ബാബു പണിക്കര്‍ അടക്കം പതിനാല് പ്രതികള്‍ കുറ്റക്കാർ.  തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയമോഹന്‍ അടക്കം നാല് പ്രതികളെ കേസിൽ വെറുതെ വിട്ടു. ശിക്ഷ ഈ മാസം 30ന് വിധിക്കും.

പതിനാല് വ‍ർഷങ്ങൾക്കു ശേഷമാണ് കേസിൽ വിധി പറയുന്നത്. 2010 ഏപ്രിൽ പത്തിനാണ് മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെ വീട്ടിനുള്ളിൽ കയറി സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് ആയിരുന്ന രാമഭദ്രനോടുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതക കാരണം. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചു. രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

19 പ്രതികള്‍ക്കെതിരെയാണ് സിബിഐ 2019ൽ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ ഒരു പ്രതി മരിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായവരും, അതിന് പുറമേ ഗൂഢാലോചനയിലും, പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചവരും സിബിഐ കുറ്റപത്രത്തിലുണ്ടായിരുന്നു. നേരത്തെ 126 സാക്ഷികളുണ്ടായിരുന്ന കേസിൽ സിപിഎം പ്രവർത്തകരായ സാക്ഷികള്‍ കൂറുമാറിയതും, അറസ്റ്റ് ചെയ്ത പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിച്ച ഡിവൈ എസ് പി വിനോദ് കുമാര്‍ മൊഴി നല്‍കിയതും വിവാദമായിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്.

SCROLL FOR NEXT