NEWSROOM

തിരുപ്പതി ലഡു വിവാദം: എസ്ഐടി അന്വേഷണം നിർത്തിവെച്ച് ആന്ധ്രാപ്രദേശ് സർക്കാർ

ഒക്ടോബർ മൂന്നിന് സുപ്രീംകോടതിയിൽ നടക്കുന്ന വാദം കണക്കിലെടുത്താണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്



തിരുപ്പതി ലഡു വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ(എസ്ഐടി) അന്വേഷണം താത്കാലികമായി നിർത്തി വെച്ച് ആന്ധ്രപ്രദേശ് സർക്കാർ. ഒക്ടോബർ മൂന്നിന് സുപ്രീംകോടതിയിൽ നടക്കുന്ന വാദം കണക്കിലെടുത്താണ് തീരുമാനം. അന്വേഷണത്തിൻ്റെ സത്യസന്ധത ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായാണ് നീക്കമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ദ്വാരക തിരുമല റാവു പറഞ്ഞു.

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള ലഡുവിൽ മൃഗക്കൊഴുപ്പ് കലർന്നിട്ടുണ്ടെന്ന ആരോപണത്തിന് പിന്നാലെ സെപ്തംബർ 25നാണ് പൊലീസ് എഫ്ഐആർ ഫയൽ ചെയ്യുന്നത്. പിന്നാലെ തൊട്ടടുത്ത ദിവസം വിഷയം അന്വേഷിക്കാൻ എസ്ഐടി രൂപീകരിക്കുകയും ചെയ്തു. ഈ അന്വേഷണമാണ് സർക്കാർ താത്കാലികമായി നിർത്തിവെച്ചത്.

കഴിഞ്ഞ ദിവസം ലഡുവിൽ മായം ചേർത്തെന്ന അവകാശവാദവുമായി സർക്കാർ പരസ്യമായി രംഗത്തെത്തിയിരുന്നു. പിന്നാലെ സർക്കാർ നിലപാടിനെ വിമർശിച്ച സുപ്രീം കോടതി, പ്രഥമദൃഷ്ട്യാ മായം കലർത്തിയതിന്  തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി. ദൈവത്തെയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണമെന്നായിരുന്നു കോടതിയുടെ വിമ‍ർശനം. മതവും രാഷ്ട്രീയവും  രണ്ടാണെന്നും കോടതി വ്യക്തമാക്കി.

ജഗൻ മോഹൻ റെഡ്ഡിയുടെ കീഴിലുള്ള സർക്കാർ തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നു എന്ന ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. മായം കലർന്നേക്കാവുന്ന നെയ്യ് അടങ്ങിയ ടാങ്കർ ജൂലൈ 12ന് തിരുപ്പതിയിൽ എത്തിയെങ്കിലും അത് തിരിച്ചയക്കുകയായിരുന്നെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ വാദം.

SCROLL FOR NEXT