ആന്ധ്രപ്രദേശിൽ പൊലീസ് പിടികൂടിയ വ്യാജമദ്യം നശിപ്പിക്കുന്നതിനിടെ കൂട്ടമായെത്തിയ ജനക്കൂട്ടം മദ്യക്കുപ്പികൾ കൈക്കലാക്കി. 50 ലക്ഷം രൂപ വിലവരുന്ന വ്യാജമദ്യമാണ് ആന്ധ്രപ്രദേശ് പൊലീസ് പിടികൂടിയത്. ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുന്നതിനിടെ, കൂട്ടമായെത്തിയ ആൾക്കൂട്ടം പൊലീസുകാരുടെ കൺമുന്നിൽ വെച്ച് മദ്യക്കുപ്പികൾ കൈക്കലാക്കുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നു.
അമരാവതിയിലെ ഗൂണ്ടൂരിലാണ് സംഭവം. എടുകുരു റോഡിലെ ഡമ്പിങ് യാർഡിൽ വെച്ച് വ്യാജമദ്യം നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആളുകൾ കൂട്ടമായെത്തിയത്. പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായി എതിർക്കാത്തതും വീഡിയോയിൽ കാണാം. മദ്യക്കുപ്പികളുമായി പോകുന്ന ആളുകളിൽ ചിലരിൽ നിന്ന് കുപ്പി തിരികെ വാങ്ങാൻ ശ്രമിക്കുന്നതും ദൃശൃങ്ങളിൽ കാണാം. ചിലരുമായി തർക്കത്തിലേർപ്പെടുന്നുമുണ്ട്. സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.