NEWSROOM

കൊരട്ടിയിൽ വീട്ടുജോലിക്കെത്തിയ ആന്ധ്രാ സ്വദേശിനി മരിച്ച നിലയിൽ; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്

ആന്ധ്രാപ്രദേശ് സ്വദേശിനിയായ മുന്ന(54) ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്



തൃശൂർ കൊരട്ടി തിരുമുടിക്കുന്നിൽ ആന്ധ്രാ സ്വദേശിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ മുന്ന(54) ആണ് മരിച്ചത്. തിരുമുടിക്കുന്ന് തെക്കൻ വീട്ടിൽ പോളിയുടെ വീട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് വീട്ടുടമസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് പുലർച്ചെ വീട്ടുടമസ്ഥൻ പോളി തന്നെയാണ് യുവതി മരിച്ച വിവരം പൊലീസിൽ അറിയിക്കുന്നത്. യുവതി ആത്മഹത്യ ചെയ്തെന്നായിരുന്നു ഇയാൾ പൊലീസിൽ നൽകിയ വിവരം. പൊലീസെത്തി പരിശോധിച്ചപ്പോൾ തലയ്ക്ക് ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു യുവതിയുടെ ശരീരം. രക്തം വാർന്ന് കിടക്കുന്ന മുന്ന, ആത്മഹത്യ ചെയ്തതല്ലെന്ന സംശയവും പൊലീസ് ഉയർത്തി. ഇതോടെയാണ് വീട്ടുടമയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി മുന്ന വീട്ടുജോലിക്കായി പോളിയുടെ വീട്ടിൽ വരുമായിരുന്നു. പോളിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നിയമനടപടിയുമായി മുന്നോട്ട് പോകുന്നതിന് മുൻപായി ഇക്കാര്യങ്ങളിൽ പൊലീസ് വ്യക്തത വരുത്തും. സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധന നടന്നുവരികയാണ്.




SCROLL FOR NEXT