teacher 
NEWSROOM

മൂന്ന് വയസുകാരിയുടെ കൈപിടിച്ച് തിരിച്ച അങ്കണവാടി ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍

അന്വേഷണവിധേയമായാണ് അങ്കണവാടി ടീച്ചറെ സസ്‌പെന്‍ഡ് ചെയ്തത്. മലബാര്‍ ഉന്നതി നിവാസികളായ ശിബിന്‍, അനുകൃഷ്ണ ദമ്പതികളുടെ മകള്‍ക്കാണ് പരിക്കേറ്റത്.

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് താമരശ്ശേരിയില്‍ മൂന്ന് വയസുകാരിയുടെ കൈപിടിച്ച് തിരിച്ച സംഭവത്തില്‍ അങ്കണവാടി ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണവിധേയമായാണ് അങ്കണവാടി ടീച്ചറെ സസ്‌പെന്‍ഡ് ചെയ്തത്. മലബാര്‍ ഉന്നതി നിവാസികളായ ശിബിന്‍, അനുകൃഷ്ണ ദമ്പതികളുടെ മകള്‍ക്കാണ് പരിക്കേറ്റത്.

കുഞ്ഞിന്റെ കുടുംബം താമരശ്ശേരി പൊലീസിൽ നൽകിയ പരാതിയില്‍ കഴിഞ്ഞ ദിവസം അധ്യാപിക മിനിക്കെതിരെ കേസെടുത്തിരുന്നു. ടീച്ചര്‍ക്കെതിരെ നടപടി എടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

അങ്കണവാടിയില്‍ നിന്ന് അമ്മയ്ക്കൊപ്പം പോകാന്‍ കരഞ്ഞ കുഞ്ഞിനെ ടീച്ചര്‍ ബലമായി അകത്തേക്ക് വലിക്കുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിന് കൈക്ക് പരിക്ക് പറ്റിയത്. വേദനയില്‍ കുട്ടി കരഞ്ഞെങ്കിലും ടീച്ചര്‍ ശ്രദ്ധിച്ചില്ലെന്നും, വീട്ടിലെത്തിയശേഷം കുഞ്ഞ് കൈ അനക്കാതിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സാരമായി പരിക്കേറ്റത് മനസ്സിലാകുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

മുന്‍പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ടീച്ചര്‍ക്കെതിരെ പരാതിയുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, കുട്ടിയുടെ കൈക്ക് നേരത്തെ തന്നെ പ്രശ്‌നം ഉണ്ടായിരുന്നെന്നും, ഇക്കാര്യം കുടുംബം തന്നെ അറിയിച്ചിട്ടില്ലെന്നും, അബദ്ധവശാല്‍ സംഭവിച്ചതാണെന്നുമായിരുന്നു അധ്യാപിക മിനി ന്യൂസ് മലയാളത്തോട് പറഞ്ഞത്.

SCROLL FOR NEXT