കാണാതായ അർജുൻ 
NEWSROOM

കാത്തിരിപ്പിൻ്റെ ആറാം നാള്‍; തിരച്ചില്‍ നിര്‍ണായകഘട്ടത്തിലെന്ന് ദൗത്യസംഘം

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് സ്ഥലം സന്ദര്‍ശിക്കും

Author : ന്യൂസ് ഡെസ്ക്

കര്‍ണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിർണായകഘട്ടത്തിലെന്ന് ദൗത്യസംഘം. മണ്ണ് നീക്കിയുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ തിരച്ചിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 

രക്ഷാദൗത്യത്തിനായി സൈന്യം ഇന്നത്തെത്തുമെന്ന് അറിയിച്ചിരുന്നു. പത്ത് മണിയോടെ ബെലഗാവി ക്യാമ്പില്‍ നിന്നുള്ള നാൽപ്പത് അംഗ സംഘമാണ് എത്തുക. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉച്ചയോടെ സ്ഥലം സന്ദര്‍ശിക്കും.

കര്‍ണാടക സര്‍ക്കാരാണ് രക്ഷാദൗത്യത്തിനായി സൈനിക സഹായം തേടിയത്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താന്‍ ഐസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ മണ്ണ് ഇടിഞ്ഞുവീണ ഭാഗത്തു നിന്ന് സിഗ്നല്‍ റഡാറില്‍ പതിഞ്ഞിരുന്നു. ഇത് യന്ത്രഭാഗങ്ങളുടേതായിരിക്കാമെന്നാണ് വിലയിരുത്തല്‍. ആറ് മീറ്റര്‍ താഴ്ച്ചയിലാണഅ ലോഹഭാഗത്തിന്റെ സിഗ്നല്‍ ലഭിച്ചത്.

ഇവിടെ മണ്ണ് മാറ്റി പരിശോധന നടക്കുന്നതിനിടയില്‍ മഴ പെയ്തതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ഇന്നലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.


സൈന്യം എത്തുന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുവെന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍ പറഞ്ഞു. ഇന്നലെ വരെ പ്രതീക്ഷയുണ്ടായിരുന്നില്ല. സൈന്യം എത്തുന്നതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധു പറഞ്ഞു.


SCROLL FOR NEXT