NEWSROOM

ജോലി ചെയ്യാന്‍ സുരക്ഷിതമായ ഇടം ഉണ്ടാകണം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്ന ബെന്‍

താൻ ഔദ്യോ​ഗികമായി ഡബ്ല്യുസിസിയിൽ അം​ഗമല്ലെന്നും അന്ന പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


സ്ത്രീയായാലും പുരുഷനായാലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള ഇടമുണ്ടാവുകയാണ് വേണ്ടതെന്ന് നടി അന്ന ബെന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കവെയാണ് അന്ന ഇക്കാര്യം പറഞ്ഞത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

'സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ, ചുറ്റുമുള്ള ആളുകളെ വിശ്വസിക്കാനും, അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കാതിരിക്കാനും കഴിയുന്ന ഒരു സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകണം', അന്ന പറഞ്ഞു.

'ഇന്‍ഡസ്ട്രിയെക്കുറിച്ച് തെറ്റായ ഒരു ഇമേജ് വരുന്നതിനേക്കാള്‍ നല്ലത്, സുരക്ഷിതമായി വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരിടമുണ്ടാകണമെന്നതാണ്. അതിന് ശ്രമം ആവശ്യമാണ്, നിര്‍ഭാഗ്യവശാല്‍, അത് എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നില്ല. ഇത് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ മാത്രമുള്ള കാര്യമല്ല. ഈ പ്രശ്‌നങ്ങള്‍ എല്ലായിടത്തും ഉണ്ട്. മാറ്റത്തിലേക്കുള്ള ആദ്യപടി ഇത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ്. അത് ഇമേജിനെ കളങ്കപ്പെടുത്തുന്നുവെങ്കില്‍, അങ്ങനെയാകട്ടെ. മാറ്റം സംഭവിക്കുന്നത് അങ്ങനെയാണ്', അന്ന ബെന്‍ കൂട്ടിച്ചേര്‍ത്തു. താൻ ഔദ്യോ​ഗികമായി ഡബ്ല്യുസിസിയിൽ അം​ഗമല്ലെന്നും അന്ന പറഞ്ഞു.

2017ല്‍ നടന്ന നടി ആക്രമിക്കപ്പെട്ട കേസിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിക്കുന്നത്. മൂന്ന് പേര്‍ അടങ്ങിയ കമ്മിറ്റി സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെയും ചൂഷണങ്ങളെയും കുറിച്ച് പഠനം നടത്തുകയായിരുന്നു. തുടര്‍ന്ന് 2024 ആഗസ്റ്റില്‍ 233 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു.

SCROLL FOR NEXT