NEWSROOM

വിസയ്ക്കായി ആര്യ നല്‍കിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍; പരാതിക്കാരിക്കെതിരെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അന്ന ഗ്രേസ്

കുടുംബപരമായി അറിയുന്ന ആളുകളായതിനാലാണ് ഇലവന്‍ ഇമിഗ്രേഷന്‍ എന്ന സ്ഥാപന ഉടമ ബിബിന്‍ ജോര്‍ജിനെ സഹായിക്കാന്‍ വീഡിയോ ചെയ്ത് നല്‍കിയത്.

Author : ന്യൂസ് ഡെസ്ക്

വിസ തട്ടിപ്പ് കേസില്‍ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണവുമായി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അന്ന ഗ്രേസ്. തിരുവനന്തപുരം സ്വദേശി ആര്യ നല്‍കിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്നും അതിനാല്‍ ആര്യയുടെ വിസ ആപ്ലിക്കേഷന്‍ യുകെ ഗവണ്മെന്റ് നിരസിക്കുകയായിരുന്നെന്നും അന്ന ഗ്രേസ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. ഭര്‍ത്താവ് ജോണ്‍സണ്‍ അറസ്റ്റിലായത് ഇമിഗ്രേഷന്‍ സര്‍ച്ചാര്‍ജ് അടച്ച് സഹായിച്ചതിനാണെന്നും അന്ന ഗ്രേസ് പറഞ്ഞു.

ആര്യ വിസയ്ക്കായി മറ്റു രണ്ട് ഏജന്‍സികളെയും സമീപിച്ചിരുന്നു. തട്ടിപ്പാണെന്ന് അറിഞ്ഞതോടെ ആര്യ അടക്കമുള്ളവരെ തിരിച്ചയച്ചു എന്നും സച്ചി സൊല്യൂഷന്‍സിന്റെ ഉടമ ബിബിന്‍ ജോര്‍ജിനെ അറിയാമായിരുന്നു എന്നും അന്ന ഗ്രേസ് പറഞ്ഞു.

സച്ചി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിനും ആര്യ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി സ്ഥാപന ഉടമ രാഖി പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് പരാതിക്കാരിയായ തിരുവനന്തപുരം സ്വദേശി ആര്യ.

2023 ഓഗസ്റ്റ് 23 ആം തിയതി മുതല്‍ 2024 മെയ് വരെയുള്ള കാലയളവില്‍ പരാതിക്കാരിയില്‍ നിന്നും യു.കെയിലേക്ക് പോകുന്നതിന് വിസ നല്‍കാം എന്ന് പറഞ്ഞ് പല തവണകളിലായി 42 ലക്ഷം രൂപ അന്ന ഗ്രേസ് അഗസ്റ്റിന്‍ കൈപ്പറ്റിയെന്നാണ് തിരുവനന്തപുരം സ്വദേശി ആര്യ നല്‍കിയ പരാതിയില്‍ പറയുന്നത്.

പണം തിരികെ നല്‍കുകയോ വിസ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് അന്ന ഗ്രേസ് പറയുന്നു. മറ്റ് രണ്ട് ഏജന്‍സികളെ സമീപിച്ച് വിസ ലഭിക്കതായതോടെയാണ് അന്ന പ്രൊമോഷന്‍ ചെയ്ത ഇലവന്‍ ഇമിഗ്രേഷന്‍ എന്ന സ്ഥാപനത്തെ ആര്യ സമീപിക്കുന്നത്. 9 ലക്ഷം രൂപയാണ് ഇതിനായി ആര്യ നല്‍കിയതെന്നും അന്ന ന്യൂസ് മലയാളത്തോട് പറഞ്ഞു.

കുടുംബപരമായി അറിയുന്ന ആളുകളായതിനാലാണ് ഇലവന്‍ ഇമിഗ്രേഷന്‍ എന്ന സ്ഥാപന ഉടമ ബിബിന്‍ ജോര്‍ജിനെ സഹായിക്കാന്‍ വീഡിയോ ചെയ്ത് നല്‍കിയത്. തട്ടിപ്പാണ് എന്നറിഞ്ഞപ്പോള്‍ തന്നെ ആര്യ അടക്കമുള്ളവരെ അറിയിച്ചതാണെന്നും അന്ന പറയുന്നു.

ALSO READ: "സാദിഖലി തങ്ങൾ പാണക്കാട്ട് നിന്ന് പുറത്ത് പോകുന്നില്ല; മുസ്ലീം ലീഗിൽ അംഗത്വം എടുത്താൽ സ്വർഗത്തിൽ പോകാമെന്ന് സർട്ടിഫിക്കറ്റ് നൽകുന്നു"

സച്ചി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തില്‍ ആര്യ നല്‍കിയതും വ്യാജ രേഖകള്‍ ആയിരുന്നു എന്നും 3 ലക്ഷം രൂപ തങ്ങളില്‍ നിന്നും അധികമായി ആര്യ തിരികെ വാങ്ങിയെന്നും സ്ഥാപന ഉടമ രാഖി പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുകയാണ് പരാതിക്കാരി ആര്യ. നിയമ പരമായി മുന്‍പോട്ട് പോകാന്‍ തന്നെയാണ് ഇരു വിഭാഗത്തിന്റെയും തീരുമാനം.

SCROLL FOR NEXT