NEWSROOM

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്: സ്വയം ചാട്ടവാറടിച്ച് പ്രതിഷേധിച്ച് അണ്ണാമലൈ

48 ദിവസത്തേക്ക് വീടിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചു

Author : ന്യൂസ് ഡെസ്ക്

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസിൽ സ്വയം ചാട്ടവാർ അടിച്ച് പ്രതിഷേധിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ. അണ്ണാ സർവകശാലയിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിലാണ് അണ്ണാമലൈയുടെ കടുത്ത പ്രതിഷേധം. സ്വന്തം വസതിക്ക് മുന്നിലായിരുന്നു ആറ് തവണ സ്വയം ചാട്ടവാറടിച്ച് അണ്ണാമലൈ പ്രതിഷേധിച്ചത്. മാധ്യമങ്ങൾക്കും ബിജെപി നേതാക്കൾക്കും മുൻപിലാണ് അണ്ണാമലൈ ചാട്ടവാറടിച്ചത്. സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന അനീതികൾക്കെതിരെയാണ് ഈ പ്രതിഷേധമെന്ന് അണ്ണാമലൈ പറഞ്ഞു.  48 ദിവസത്തേക്ക് വീടിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചു. 

കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ധരിച്ചിരുന്ന ഷൂസ് അഴിച്ചുമാറ്റിക്കൊണ്ടായിരുന്നു അണ്ണാമലൈ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയത്. അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതി ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവിൻ്റെ പ്രതിഷേധം. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമർശിച്ചു. ഡിഎംകെ സർക്കാരിൻ്റെ കീഴിൽ തമിഴ്നാട് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിളനിലവും, കുറ്റവാളികളുടെ സങ്കേതവുമായി മാറി. പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാൻ ഭരണകൂടം പൊലീസിനെ ഉപയോഗിക്കുന്നതിനാൽ, സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ബിജെപി നേതാവ് എക്സിൽ കുറിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർഥിനി പീഡിപ്പിക്കപ്പെടുന്നത്. ക്രിസ്‌മസിനോടനുബന്ധിച്ച കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നും ആൺസുഹൃത്തിനൊപ്പം നടന്നു പോകവേ, അജ്ഞാതരായ രണ്ടുപേർ ചേർന്ന് ഇവരെ തടഞ്ഞെന്നും, സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷം കുറ്റിക്കാട്ടില്‍ വച്ച് അതിക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് വിദ്യാർഥിനിയുടെ മൊഴി.

SCROLL FOR NEXT