NEWSROOM

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണ; കമലാ ഹാരിസിൻ്റെ അരിസോണയിലെ പ്രചാരണ ഓഫീസിന് നേരെ വീണ്ടും വെടിവെയ്പ്പ്

നിലവിൽ, പാർട്ടി ഓഫീസിൽ നിന്ന് ശേഖരിച്ച തെളിവുകൾ വിശകലനം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്




യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിൻ്റെ അരിസോണയിലെ തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസിന് നേരെ വീണ്ടും വെടിവെയ്പ്പ്. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടന്നതായി ടെമ്പെ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഓഫീസ് കെട്ടിടത്തിൻ്റെ പല ഭാഗങ്ങളിലും   വെടിയേറ്റിട്ടുണ്ട്. പിന്നീട് നടന്ന പരിശോധനയിൽ  ഒരു വാതിലിലും രണ്ട് ജനലുകളിലും   ബുള്ളറ്റ് ദ്വാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ, പാർട്ടി ഓഫീസിൽ നിന്ന് ശേഖരിച്ച തെളിവുകൾ വിശകലനം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.


രാത്രിയായതിനാൽ  ആക്രമണസമയത്ത് ആരും ഓഫീസിനുള്ളിൽ ഉണ്ടായിരുന്നില്ല. എന്നാൽ തുടരെയുള്ള ആക്രമണങ്ങൾ ഓഫീസിൽ ജോലി ചെയ്യുന്നവരുടെയും സമീപവാസികളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചതായി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ റയാൻ കുക്ക് പറഞ്ഞു. വിഷയത്തിൽ വേഗത്തിൽ നടപടി സ്വീകരിച്ചതിന് സിറ്റി പൊലീസിന് നന്ദിയുണ്ടെന്ന് ഡെമോക്രാറ്റിക് പാർട്ടി കോർഡിനേറ്റഡ് കാമ്പെയ്ൻ മാനേജർ സീൻ മക്‌നെർനി പറഞ്ഞു.

ALSO READ: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: കമലാ ഹാരിസിനെ പിന്തള്ളി ട്രംപ് മുന്നേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അരിസോണയിലെ ടെമ്പെ നഗരത്തിലെ പ്രചാരണ ഓഫിസിനു നേരെ വെടിവയ്‌പ്പുണ്ടാകുന്നത്. സെപ്റ്റംബർ 16 നാണ് ആദ്യം ആക്രമണം നടത്തിയത്. പെല്ലറ്റ് തോക്ക് ഉപയോഗിച്ച് നടന്ന അന്നത്തെ വെടിവെപ്പിൽ കെട്ടിടത്തിന്റെ മുൻവശത്തെ ജനാലകൾ തകർന്നിരുന്നു. നവംബർ 5 ന് നടക്കുന്ന യുഎസിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അരിസോണയിൽ കമലാ ഹാരിസ് വരാനിരിക്കെയാണ് പാർട്ടിയുടെ പ്രാദേശിക പ്രചാരണ ഓഫീസിൽ ഇരട്ട വെടിവയ്പ്പ് നടന്നത്.

SCROLL FOR NEXT