ജഡ്ജിമാരുടെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ് അവസാനിപ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സൂര്യപ്രകാശത്തിനുള്ള ഉത്തരം കൂടുതല്‍ സൂര്യപ്രകാശമാണ്. കോടതിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ ഒളിച്ചുവയ്ക്കേണ്ടതില്ല. ഇത് എല്ലാവര്‍ക്കുമുള്ള വളരെ പ്രധാനപ്പെട്ടൊരു ഓര്‍മപ്പെടുത്തലാണ്. വാതിലുകള്‍ അടച്ചിടുക എന്നതല്ല ഉത്തരമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കര്‍ണാടക ഹൈക്കോടതി ജഡ്ജി വേദവ്യാസാചാർ ശ്രീശാനന്ദയുടെ വിവാദ പരാമര്‍ശങ്ങളില്‍ സ്വമേധയായെടുത്ത കേസില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രധാന നിരീക്ഷണം.
ജഡ്ജി ശ്രീശാനന്ദയുടെ രണ്ട് പരാമര്‍ശങ്ങളാണ് വിവാദമായത്. ബംഗളൂരുവില്‍ മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുന്ന സ്ഥലത്തെ 'പാകിസ്താന്‍' എന്ന് പരാമര്‍ശിച്ചതായിരുന്നു ഒന്ന്. കോടതിയിലെ വാദത്തിനിടെ അഭിഭാഷകയ്ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതാണ് മറ്റൊന്ന്. വിവാദ പരാമര്‍ശങ്ങളുടെ ദൃശ്യങ്ങള്‍ സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ, തത്സമയ സ്ട്രീം വീഡിയോ ദൃശ്യങ്ങള്‍ അനധികൃതമായി സാമുഹ്യമാധ്യങ്ങളില്‍ പങ്കുവെക്കുന്നത് സംബന്ധിച്ച നിയമവശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് കർണാടക ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല, കോടതി നടപടികളുടെ തത്സമയ സ്ട്രീമിങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നത് ഉത്തരവിനാല്‍ തടയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
വിവാദ പ്രസ്താവനകളില്‍ തുറന്ന കോടതിയില്‍ ജഡ്ജി ശ്രീശാനന്ദ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഇലക്ട്രോണിക് മാധ്യമ യുഗത്തില്‍ ജഡ്ജിമാര്‍ പ്രതികരണങ്ങളില്‍ ആത്മസംയനം പാലിക്കണമെന്നതടക്കം ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. മതപരമായോ, ലിംഗപരമായോ ഏതെങ്കിലും വിഭാഗത്തിനെതിരായ പരാമര്‍ശം പക്ഷപാതിയെന്ന ആക്ഷേപത്തിന് കാരണമാകും. ജുഡീഷ്യല്‍ നടപടികളുടെ ഭാഗമായി ഇത്തരം പരാമര്‍ശങ്ങള്‍ പ്രകടിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്ത്രീ വിരുദ്ധമായതും, ഏതെങ്കിലും സമുദായത്തോട് മുന്‍വിധിയുള്ളതുമായ പ്രതികരണങ്ങള്‍ ഒഴിവാക്കണം. വിധിന്യായത്തിന്റെ ഹൃദയവും ആത്മാവും നിഷ്പക്ഷവും നീതിയുക്തവും ആയിരിക്കേണ്ടതുണ്ട്. ഓരോ ജഡ്ജിയും സ്വന്തം മുൻകരുതലുകളെ കുറിച്ച് ബോധവാന്മാരായിരിക്കണം. കാരണം, അത്തരം അവബോധത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ നമുക്ക് യഥാർത്ഥത്തിൽ വിശ്വസ്തരായിരിക്കാൻ കഴിയൂ. വസ്തുനിഷ്ഠവും നീതിയുക്തവുമായ നീതി ലഭ്യമാക്കാനുള്ള ജഡ്ജിയുടെ മൗലികമായ കടമയെ അടിവരയിടുന്നതുമായിരുന്നു സുപ്രീംകോടതി ഉത്തരവ്.
വിവാദ പരാമര്‍ശങ്ങളുടെ ദൃശ്യങ്ങള്‍ സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍നിന്ന് ഭരണപരമായ നിര്‍ദേശങ്ങള്‍ തേടിയശേഷം, സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെയാണ് കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.