ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ വെടിനിർത്തൽ ചർച്ചയ്ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഇസ്രയേലിൽ എത്തിയിട്ടും, ഗാസയിൽ നിലയ്ക്കാത്ത രക്തച്ചൊരിച്ചിൽ തുടരുന്നു. ഞായറാഴ്ച രാത്രി വരെ ഗാസയിൽ വിവിധയിടങ്ങളിലായി ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളിൽ 29 പേർ കൂടി കൊല്ലപ്പെട്ടതായി എജൻസി പ്രസ് റിപ്പോർട്ട് ചെയ്തു. ദോഹയിൽ രണ്ട് ദിവസത്തെ സമാധാന ചർച്ചകൾക്ക് ശേഷം തങ്ങൾ കരാറിൽ ഏർപ്പെടുകയാണെന്ന് യുഎസും മറ്റ് മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും അറിയിച്ചു.
കെയ്റോ സമാധാന ചർച്ചയിലൂടെ ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കയും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അടുത്തയാഴ്ച അവസാനത്തോടെ കെയ്റോയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കാൻ കഴിഞ്ഞേക്കുമെന്നും, ചർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
വെടിനിർത്തൽ ചർച്ചയ്ക്ക് ശേഷം ദോഹയിൽ നിന്ന് മടങ്ങിയെത്തിയ സംഘവുമായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു സംസാരിച്ചിരുന്നു. വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിക്കുമെങ്കിലും ആറാഴ്ചക്ക് ശേഷം ആക്രമണം പുനരാരംഭിക്കാൻ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേൽ സൈന്യത്തെ പൂർണമായും പിൻവലിക്കാതെ കരാറിൽ ഒപ്പിടില്ലെന്നാണ് ഹമാസിൻ്റെ വാദം.
READ MORE: ഗാസയിൽ വീണ്ടും ഇസ്രയേൽ മിസൈലാക്രമണം; ഒരു കുടുംബത്തിലെ 15 പേർ കൊല്ലപ്പെട്ടു
അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ചർച്ചയ്ക്കായി ഇസ്രയേലിലെത്തി. ഗാസ യുദ്ധത്തിനിടെ ബ്ലിങ്കൻ നടത്തുന്ന പത്താമത്തെ ഇസ്രയേൽ സന്ദർശനമാണിത്. കെയ്റോ ചർച്ചയിലൂടെ ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും നിലപാട് വ്യക്തമാക്കി.
ചർച്ചകൾക്കിടയിലും ഗാസയിൽ ഇസ്രയേൽ വ്യാപക ആക്രമണം തുടരുകയാണ്. ഖാൻ യൂനുസിൽ നിന്നും മറ്റും കൂടുതൽ പലസ്തീനികളെ ഒഴിപ്പിച്ചു. ലെബനൻ-ഇസ്രയേൽ സംഘർഷവും രൂക്ഷമാണ്. അറുപതിലേറെ മിസൈലുകളാണ് ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുല്ല തൊടുത്തുവിട്ടത്. ആറ് സൈനികർക്ക് പരുക്കേറ്റു. ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണത്തിൽ നാല് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.
READ MORE: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു; ലെബനനിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; പത്ത് മരണം