NEWSROOM

ബലാത്സംഗ കേസ്: മുകേഷ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി മറ്റന്നാള്‍

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്

Author : ന്യൂസ് ഡെസ്ക്

നടി നൽകിയ ബലാത്സംഗ കേസില്‍ നടന്മാരായ മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, അഭിഭാഷകനായ വി.എസ്. ചന്ദ്രശേഖരന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. രണ്ട് കൂട്ടരുടെയും വാദം കേട്ട ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. രണ്ട് ദിവസമായി നടന്ന രഹസ്യവാദം പൂര്‍ത്തിയായതോടെ ജാമ്യാപേക്ഷ മറ്റന്നാൾ വിധി പറയാൻ മാറ്റുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

മണിയൻ പിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ജാമ്യം ലഭിക്കാവുന്ന കുറ്റക്യത്യമായതിനാൽ ഇക്കാര്യം രേഖപ്പെടുത്തിയ ശേഷം കോടതി ഹർജി തീർപ്പാക്കി. മറ്റ് മൂന്നു ഹർജികളാണ് വിശദമായ വാദം കേട്ട് വിധി പറയാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് മാറ്റിയത്.

2011ൽ ഒരു സിനിമയില്‍ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെ മുകേഷ് തന്നെ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. പ്രതികളായ മറ്റുള്ള നടൻമാരും വിവിധ സന്ദർഭങ്ങളില്‍ തന്നെ ചൂഷണം ചെയ്തുവെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ പറയുന്നത്.

SCROLL FOR NEXT