മലപ്പുറത്ത് നേതൃത്വം വിളിച്ചുചേർത്ത സമസ്ത സമവായ യോഗത്തില്‍ നിന്നും വിട്ടുനിന്ന് ലീഗ് വിരുദ്ധ വിഭാഗം. മുസ്ലീം ലീഗ് നേതാക്കളും അനുകൂല വിഭാഗവും ചർച്ച നടത്തി യോഗം പിരിഞ്ഞു. ചർച്ച മറ്റൊരു ദിവസം നടക്കുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
സമസ്തയിലെ സമവായം അകലെയാണ് എന്ന് ഉറപ്പാക്കുന്നതായിരുന്നു ഇന്നത്തെ മലപ്പുറത്തെ സമവായ യോഗം. മുസ്ലീം സമുദായത്തിൽ വലിയൊരു വിഭാഗം ആദരിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും , ജിഫ്രി മുത്തുക്കോയ തങ്ങളും വിളിച്ച സമവായ ചർച്ചയിൽ നിന്നാണ് ഒരു വിഭാഗം പൂർണമായും വിട്ടുനിന്നത്. ലീഗിലെ മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലികുട്ടിയും പ്രശ്നപരിഹാരം മാത്രം മുന്നിൽ കണ്ട് യോഗത്തിനെത്തിയിരുന്നു. ഏതാനും പേരുടെ അസൗകര്യമാണ് ചർച്ചക്ക് തടസമായത് എന്നായിരുന്നു മധ്യസ്ഥതയ്ക്ക് എത്തിയ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. ഈ മാസം 11ന് നടക്കുന്ന മുശാവറ യോഗത്തിന് ശേഷം ചർച്ച തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സമസ്തയിൽ രണ്ടു വിഭാഗമില്ല എന്ന് സമർത്ഥിക്കാൻ ഏറെ പാടുപെടുമ്പോഴും ഒറ്റക്കെട്ടായി പോകണം എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും പി.കെ. കുത്താലിക്കുട്ടിയുടെയും അഭിപ്രായം. ഭിന്നതകൾ പരിഹരിക്കാൻ മുതിർന്ന നേതാക്കൾ മുൻകൈ എടുത്തിട്ടും മറുവിഭാഗം ഉറച്ചു നിൽക്കുന്നത് സൂചിപ്പിക്കുന്നത് സമസ്ത പിളർപ്പിലേക്ക് എന്നതു തന്നെയാണ്.