NEWSROOM

മമത സര്‍ക്കാരിന്റെ അപരാജിത ബില്‍ 'കോപ്പി-പേസ്റ്റ്': വിമര്‍ശിച്ച് ഗവര്‍ണര്‍ ആനന്ദബോസ്

അപരാജിത ബില്ലിനൊപ്പം സാങ്കേതിക റിപ്പോർട്ട് അറ്റാച്ച് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് സംസ്ഥാന ഭരണകൂടത്തെ ഗവർണർ വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

പശ്ചിമബംഗാൾ നിയമസഭ പാസാക്കിയ ആന്റി റേപ്പ് ബിൽ സമാനമായ ബില്ലുകളുടെ "കോപ്പി-പേസ്റ്റാണെന്ന് ഗവർണർ സി.വി. ആനന്ദ ബോസ്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ പാസാക്കിയ സമാന ബില്ലുകളുടെ കോപ്പി-പേസ്റ്റാണ് അപരാജിത ബില്‍ എന്നാണെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. നിയമസഭ പാസാക്കിയ അപരാജിത ബില്ലിനൊപ്പം സാങ്കേതിക റിപ്പോർട്ട് അറ്റാച്ച് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് സംസ്ഥാന ഭരണകൂടത്തെയും ഗവർണർ വിമർശിച്ചു.


ചട്ടം അനുസരിച്ച്, ബില്ലിന് അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ സാങ്കേതിക റിപ്പോർട്ട് അയയ്‌ക്കേണ്ടതുണ്ട്. എന്നാൽ ബില്ലിനൊപ്പം സാങ്കേതിക റിപ്പോർട്ട് അയക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചു. സാങ്കേതിക റിപ്പോർട്ടുകൾ സർക്കാർ തടഞ്ഞുവയ്ക്കുന്നതും ബില്ലുകൾ ക്ലിയർ ചെയ്യാത്തതിന് രാജ്ഭവനെ കുറ്റപ്പെടുത്തുന്നതും ഇതാദ്യമല്ലെന്നും രാജ് ഭവൻ വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ സുപ്രധാന കാര്യങ്ങളിൽ പരാജയപ്പെട്ടതിനാണ് ഗവർണർ സംസ്ഥാന സർക്കാരിനെ വിമര്‍ശിച്ചത്.

ബലാത്സംഗത്താല്‍ ഇര മരിക്കുകയോ, കിടപ്പിലാകുകയോ ചെയ്താൽ വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന 'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024' (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) സെപ്റ്റംബർ മൂന്നിനാണ് ബംഗാൾ നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. മറ്റു കുറ്റവാളികൾക്ക് പരോളില്ലാതെ ജീവപര്യന്തം തടവും ബില്ലിൽ ശുപാർശ ചെയ്യുന്നു. പ്രാഥമിക റിപ്പോർട്ട് ലഭിച്ച് 21 ദിവസത്തിനുള്ളിൽ ബലാത്സംഗക്കേസുകളുടെ അന്വേഷണം പൂർത്തിയാക്കുക, അന്വേഷണത്തിനുള്ള സമയ പരിധി രണ്ട് മാസത്തില്‍നിന്ന് കുറയ്ക്കുക, വനിതാ ഉദ്യോഗസ്ഥർ അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക എന്നിവയാണ് ബില്ലിലെ നിര്‍ദേശങ്ങള്‍. 

ഓഗസ്റ്റ് ഒന്‍പതിന് കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതിനു പിന്നാലെ, സംസ്ഥാനത്തിനകത്തും പുറത്തും പ്രതിഷേധം വ്യാപകമായിരുന്നു. ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും വീഴ്ചയ്ക്ക് മമത ബാനര്‍ജി സര്‍ക്കാര്‍ കടുത്ത വിമര്‍ശനങ്ങളും കേള്‍ക്കേണ്ടിവന്നിരുന്നു. ഇതിനിടെ, സംസ്ഥാനത്ത് റാലി നടത്തിയ മുഖ്യമന്ത്രി മമത ബലാത്സംഗക്കൊലയിലെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ്, നിമയസഭയില്‍ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചത്.

SCROLL FOR NEXT