NEWSROOM

500ൻ്റെ വ്യാജ നോട്ടിൽ ഗാന്ധിജിക്ക് പകരം അനുപം ഖേർ! ഗുജറാത്തിൽ വ്യാജനോട്ടുകൾ പിടികൂടി

ഏകദേശം 1.60 കോടി രൂപയുടെ കള്ളനോട്ടാണ് പൊലീസ് പിടികൂടിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ഗാന്ധിജിക്ക് കണ്ണടയില്ലാതെ കള്ളനോട്ടടിച്ചത് കണ്ട് നമ്മൾ ചിരിച്ച് മറിഞ്ഞിട്ടുണ്ട്. എന്നാൽ,  ഗാന്ധിക്ക് കണ്ണട വെക്കാൻ മറന്നുപോവുന്നത് അത്ര വലിയ തെറ്റല്ലെന്നും, ഇതിലും ഗതികെട്ടവൻമാരുണ്ടെന്നുമുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുഖസാമ്യതകൊണ്ടായിരിക്കണം, ഗാന്ധിജിക്ക് പകരം ബോളിവുഡ്‌ നടൻ അനുപം ഖേറിൻ്റെ ചിത്രമുള്ള വ്യാജനോട്ടുകളാണ് ഗുജറാത്തിൽ നിന്നും പിടികൂടിയിരിക്കുന്നത്. അഹമ്മദാബാദ് പൊലീസ് പിടികൂടിയ 500 രൂപ നോട്ടുകളിലാണ്‌ ഗാന്ധിജിക്ക്‌ പകരം അനുപം ഖേറിന്റെ ചിത്രമുള്ളത്.

ഏകദേശം 1.60 കോടി രൂപയുടെ കള്ളനോട്ടാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. നോട്ടുകളിൽ 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ' എന്നതിന് പകരം 'റിസോൾ ബാങ്ക് ഓഫ് ഇന്ത്യ' എന്നാണ് അച്ചടിച്ചിരിക്കുന്നത്. ഷാഹിദ് കപൂറിൻ്റെ ഫർസി എന്ന സിരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വ്യാജ കറൻസി യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് കമ്മീഷണർ രാജ്ദീപ് നുകും പറഞ്ഞു.

അതേസമയം വിഷയത്തിൽ പ്രതികരണവുമായി അനുപം ഖേർ തന്നെ രംഗത്തെത്തി. വ്യാജനോട്ടുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അനുപം ഖേറിൻ്റെ പ്രതികരണം. "500 രൂപ നോട്ടുകളിൽ ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് പകരം എൻ്റെ ഫോട്ടോയോ. എന്ത് വേണമെങ്കിലും സംഭവിക്കാം," അനുപം ഖേർ കുറിച്ചു.

SCROLL FOR NEXT