ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയവുമായി ഇടതുസ്ഥാനാർഥി അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മാർക്സിസ്റ്റ് പാർട്ടി നേതാവ് അധികാരത്തിലെത്തുന്നത്. വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയെന്നതും മറ്റൊരു ചരിത്രം.
2022ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വെറും മൂന്ന് ശതമാനം മാത്രം വോട്ടുകളിലൊതുങ്ങിയ നാഷണൽ പീപ്പിൾസ് പവർ ആയിരുന്നു അനുര കുമാര ദിസനായകെ. 225 അംഗ പാർലമെന്‍റിലിപ്പോഴുമുള്ളത് 3 സീറ്റുകള്‍, അവിടെ നിന്നൊരു പവർഫുള്‍ തിരിച്ചുവരവ് എന്‍പിപിക്ക് നേടികൊടുത്തത് ഒരൊറ്റ നേതാവ്- എകെഡി എന്ന അനുര കുമാര ദിസനായകെ. അരനൂറ്റാണ്ടുകാല ചരിത്രത്തില്‍ കലാപങ്ങളുടെ രക്തക്കറ പുരണ്ട ജനതാവിമുക്തി പെരുമന പാർട്ടിയുടെ റീബ്രാന്‍ഡിംഗിന് കൂടിയാണ് ഈ അധികാരനേട്ടം . 2022ലെ ജനകീയ പ്രക്ഷോഭത്തിന് ശേഷം ജെവിപിയുടെ പ്രതാപം തിരിച്ചുപിടിക്കുന്നതിനുവേണ്ടി ദിസനായകെ നടത്തിവന്ന പ്രയത്നങ്ങള്‍ വിജയിച്ചെന്ന് തെരഞ്ഞെടുപ്പ് ഫലം പറയുന്നു.
കൊളംബോയിലെ കേളനിയ സർവ്വകലാശാലയില്‍ പഠിക്കുന്ന കാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ദിസനായകെ പൊതുരംഗത്ത് സജീവമാകുന്നത്. 80 കളുടെ അവസാനകാലഘട്ടത്തില്‍ സർക്കാർ വിരുദ്ധ സായുധ പോരാട്ടങ്ങളോട് ഐക്യപ്പെട്ട് മാർക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയായ ജനതാ വിമുക്തി പെരുമന എന്ന ജെവിപിയിലേക്കും എത്തി. 95 കാലത്ത് ജെവിപിയുടെ വിദ്യാർഥി പ്രസ്ഥാനമായ സോഷ്യലിസ്റ്റ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ നേതൃത്വത്തിലേക്കും ദിസ്സനായകെ എത്തി. മൂന്ന് വർഷം കൊണ്ട് പോളിറ്റ് ബ്യൂറോയിലേക്കും 2000 ത്തോടെ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2005 ല്‍ കുമാരതുംഗ സർക്കാരിലെ മന്ത്രിപദവി ദിസനായകെ രാജിവെച്ചത് സുനാമി പ്രവർത്തനങ്ങള്‍ക്കുവേണ്ടി എല്‍ടിടിയുമായി കെെകോർക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണ്.
2014 ല്‍ ജെവിപിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 1970-80 കള്‍ക്കിടെ ജെവിപി ഉള്‍പ്പെട്ട കലാപങ്ങളില്‍ ക്ഷമാപണം നടത്തിയെങ്കിലും പിന്നീടിക്കാലം വരെ, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും പാർട്ടിയുടെ കലാപചരിത്രത്തെക്കുറിച്ച് സംസാരിക്കാന്‍ ദിസനായകെ തയ്യാറായിട്ടില്ല എന്നതാണ് ഈ അധികാരമാറ്റത്തില്‍ ആശങ്കയാകുന്നത്. എല്‍ടിടിയുമായുള്ള ഏറ്റുമുട്ടലില്‍ ശ്രീലങ്കൻ സൈന്യത്തെ പിന്തുണച്ച- ശ്രീലങ്കയുടെ വംശീയ തീവ്രരാഷ്ട്രീയതയെ തള്ളിപ്പറയാത്ത ദിസനായകെയുടെ ഭരണകാലം 12 ശതമാനത്തോളം വരുന്ന തമിഴ് ന്യൂനപക്ഷത്തിന്‍റെ ഭാവി ആശങ്കയിലാക്കും. ചെെന അനുകൂല നിലപാട് കെെക്കൊള്ളുന്ന ദിസനായകെയ്ക്ക് കീഴില്‍ ശ്രീലങ്കയുടെ ഇന്ത്യന്‍ ബന്ധവും ചോദ്യചിഹ്നമാണ്.