വിമാനത്താവളത്തില്‍ സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസർമാർക്കും കൈക്കൂലി നൽകുന്നെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥന്‍റെ അനധികൃത സ്വത്ത് സമ്പാദനം പരിശോധിക്കാന്‍ പി.വി. അന്‍വര്‍ ഇന്ന് കൊണ്ടോട്ടിയിൽ. മുഖ്യമന്ത്രിക്കും സിപിഎമ്മിനും വെല്ലുവിളി ഉയർത്തിയ ശേഷം തൻ്റെ ജനസ്വാധീനം ബോധ്യപ്പെടുത്താൻ അൻവർ പൊതുയോഗം വിളിച്ചുച്ചേർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലമ്പൂരിൽ ഞായറാഴ്ച നടക്കുന്ന പൊതുയോഗത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഒന്നും വൈകിപ്പിക്കുന്നില്ല എല്ലാം വേഗത്തിലാക്കുകയാണ് എന്നും അൻവർ പറഞ്ഞിരുന്നു. സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ സ്ഫോടനാത്മക വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ പി.വി അൻവർ സ്വന്തം മണ്ഡലത്തിലെ ജനങ്ങളോട് കാര്യങ്ങൾ തുറന്നു പറയാനൊരുങ്ങുകയാണ്. പിണറായിയുടെ കൈപിടിച്ച് രണ്ടാംവട്ടവും ജയിച്ച് കയറിയ നിലമ്പൂരിൽ ജനങ്ങൾക്ക് മുന്നിലാണ് ഇനി അൻവറിൻ്റെ വാക്കുകൾ കൊണ്ടുള്ള വെടിക്കെട്ട്.
കഴിഞ്ഞ എട്ട് വർഷമായി ഇടത് പിന്തുണയോടെ നിലമ്പൂരിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയായി തുടരുന്ന അൻവർ സിപിഎമ്മിനെ മാത്രമല്ല മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞാണ് അടുത്ത നീക്കത്തിന് തയാറെടുക്കുന്നത്. കോൺഗ്രസിനും ലീഗിനും സ്വാധീനമുള്ള ഏറനാടൻ മണ്ണിൽ അവരോട് വെല്ലുവിളി ഉയർത്തി നേടിയെടുത്ത സ്ഥാനം സാധാരണ ജനങ്ങൾ നൽകിയതാണെന്നാണ് അൻവറിൻ്റെ ആത്മവിശ്വാസം. പുതിയ പോർമുഖം തുറക്കാൻ ഒരുങ്ങുമ്പോൾ ഇനി അറിയേണ്ടത് അൻവർ വിളിച്ച പൊതുയോഗത്തിൽ, ഇക്കാലയളവിൽ ഉയർത്തിയ രാഷ്ട്രീയത്തിൻ്റെ വിശദീകരണം മാത്രമാകുമോ, അതോ പുതിയ രാഷ്ട്രീയത്തിൻ്റെ തുടക്കമാകുമോ എന്നു കൂടിയാണ്.