NEWSROOM

ഇടതുപക്ഷം വിട്ടുപോകാൻ അൻവർ കാരണങ്ങൾ ഉണ്ടാക്കുന്നു:എം. സ്വരാജ്

സ്വജനപക്ഷപാതം സിപിഐഎമ്മിന് അംഗീകരിക്കാൻ ആവില്ല. അത് സർക്കാറിന്റെ കുറവല്ല

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിക്കും പാർട്ടിക്കും നേരെയുള്ള പി.വി. അൻവറിന്റെ ആരോപണം വിചിത്രവും, അവിശ്വസനീയവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. അൻവറിന്റെ ആരോപണം സർക്കാർ ഗൗരവകരമായി പരിശോധിക്കുന്നുണ്ട്. അൻവറിന്റെ ഉദ്ദേശശുദ്ധി സംശയം ഉണ്ടാക്കുന്നതാണ്.ഇടതുപക്ഷം വിട്ട് പോകാൻ അൻവർ കാരണങ്ങൾ ഉണ്ടാക്കുകയാണെന്നും എം.സ്വരാജ് പറഞ്ഞു.

സ്വജനപക്ഷപാതം സിപിഐഎമ്മിന് അംഗീകരിക്കാൻ ആവില്ല. അത് സർക്കാറിന്റെ കുറവല്ല. അൻവർ ഇന്ന് പ്രദർശിപ്പിച്ച മൊഴിയിലെ ആളുകൾ കള്ളക്കടത്തുകാരാണ്. കള്ളക്കടത്തുകാരെ കൂട്ടുപിടിച്ച് എംഎൽഎ ആരോപണമുന്നയിക്കുന്നത് മോശമാണ്. കള്ളക്കടത്ത് സംഘങ്ങൾ പറയുന്നത് അനുസരിച്ച് ഭരണം മുന്നോട്ടു പോവില്ലെന്നും സ്വരാജ് വ്യക്തമാക്കി.

അന്വേഷണവും നടപടികളുമല്ല അദ്ദേഹത്തിനാവശ്യം. അദ്ദേഹം ഇടതുപക്ഷം വിട്ട് പുറത്ത് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. അതിന് കാരണങ്ങളുണ്ടാക്കുകയാണ്. താൻ ഇടതുപക്ഷത്തോടൊപ്പമില്ല എന്നുപറയുന്നതിന് അദ്ദേഹം ചില കാരണങ്ങൾ കണ്ടെത്തുകയാണ്. അദ്ദേഹം ഈ ​ഗവൺമെന്റിനെ ആക്ഷേപിക്കുന്നു. സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷയാണ് ഈ ​ഗവൺമെന്റ്. ഈ ​ഗവൺമെന്റിന്റെ വിലയറിയണമെങ്കിൽ മുൻ യുഡിഎഫ് ​ഗവൺമെന്റിനെക്കുറിച്ച് ആലോചിച്ചാൽ മതി.


വലതുപക്ഷത്തിന്റെ ചതിക്കുഴിയിൽ പെട്ടുപോയിരിക്കുകയാണ് അൻവർ. വലതുപക്ഷത്തിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും നാവായും പ്രിയപ്പെട്ടവനായും മാറി.എന്നാൽ, അൻവറിന്റെ ആരോപണങ്ങൾ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും എം.സ്വരാജ് അറിയിച്ചു.

SCROLL FOR NEXT