നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള പി. വി. അൻവറിന്റെ ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചേലക്കരയിൽ കോൺഗ്രസ് നേതാവായിരുന്ന എൻ. കെ. സുധീറും പാലക്കാട് മണ്ഡലത്തിൽ പ്രവാസി വ്യവസായി മിൻഹാജും ഡിഎംകെ സ്ഥാനാർഥികളാകും. ചേലക്കര എൻ. കെ. സുധീറിനൊപ്പം നിൽക്കുമെന്നും അൻവർ പറഞ്ഞു.
വയനാട്ടില്‍ സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയെ ഡിഎംകെ പിന്തുണയ്ക്കും. പ്രിയങ്കയ്ക്കു വേണ്ടി പ്രചരണത്തിന് പോകുമെന്നും അന്‍വര്‍ പറഞ്ഞു.
ഡിഎംകെ പാലക്കാട് മത്സരിച്ചാൽ ബിജെപിക്ക് വഴി തുറക്കുമെന്നാണ് എൽഡിഎഫും യു ഡിഎഫും പറയുന്നത്. ബിജെപിക്കെതിരെ ഇന്ത്യ മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിക്കട്ടെ. എങ്കിൽ അതിൻ്റെ മുൻനിരയിൽ പി.വി. അൻവർ ഉണ്ടാകും. അല്ലാതെ ഇവിടെ ബിജെപിയെ തടയിടാനുള്ള ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവെക്കേണ്ടെന്നും അൻവർ പറഞ്ഞു.
നിലമ്പൂരിനെക്കാൾ തനിക്ക് സ്വാധീനമുള്ള മണ്ണാണ് പാലക്കാട്. ചേലക്കരയിലെ കോൺഗ്രസ് പ്രവർത്തകർ സുധീറിന് വേണ്ടി തന്നെ ഇങ്ങോട്ട് ബന്ധപ്പെട്ടതാണ്. സുധീറിനോട് മൂന്ന് മാസം മുമ്പ് പ്രചാരണം ആരംഭിക്കാൻ കോൺഗ്രസ് പറഞ്ഞിരുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.